എ.ഡി.ജി.പി ഓഫീസിൽ തേനീച്ചക്കൂട് ഇളകി, 7പേർക്ക് കുത്തേറ്റു

Thursday 19 March 2026 1:37 AM IST

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡി.ജി.പി എച്ച്.വെങ്കടേശിന്റെ ഓഫീസിൽ തേനീച്ചയുടെ ആക്രമണം.4 പൊലീസുകാരടക്കം 7 പേർക്ക് പരിക്കേറ്റു.പേരൂർക്കട എസ്.എ.പി ക്യാമ്പിന് അടുത്തുള്ള ഓഫീസിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.ഒരു സ്ത്രീക്കും കുത്തേറ്റു.ഓഫീസിന്റെ പുറംചുവരിലുണ്ടായിരുന്ന വലിയ തേനീച്ചക്കൂട് ഇളകിയാണ് ആക്രമണമുണ്ടായത്.

എ.ഡി.ജി.പി ഓഫീസിന് മുന്നിൽ പാറാവ് ജോലിയിലുണ്ടായിരുന്ന പൊലീസുകാരനും,ഓഫീസിന് മുന്നിലൂടെ നടന്നുപോയവർക്കുമാണ് കുത്തേറ്റത്.കൂട്ടത്തോടെ ഇളകി വന്ന തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ പൊലീസുകാർ നിലത്തുവീണു. പരിക്കേറ്റ ഏഴുപേരെയും ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി.ഓഫീസ് കെട്ടിടത്തിന്റെ പുറംചുവരിൽ ഏറെക്കാലമായുണ്ടായിരുന്ന തേനീച്ചക്കൂടാണ് ഇളകിയത്.മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്തുണ്ടായിരുന്ന ഭീമൻ തേനീച്ചക്കൂട് ആദിവാസി വിഭാഗക്കാരെ എത്തിച്ച് നീക്കം ചെയ്‌തിരുന്നു. എന്നാൽ തേനീച്ചകൾ വീണ്ടും ഇവിടെത്തന്നെ കൂടുണ്ടാക്കി.പിന്നീട് ഈ കൂട് വലുതായെങ്കിലും ഇളക്കിയില്ല.

ചൊവ്വാഴ്ച വൈകിട്ട് കൂടിളകി വന്ന തേനീച്ചകൾ പൊലീസുകാരെയും ഓഫീസിന് മുന്നിലൂടെ പോയ സ്ത്രീകളടക്കമുള്ളവരെയും കുത്തുകയായിരുന്നു.എ.ഡി.ജി.പിയുടെ നിർദ്ദേശത്തെതുടർന്ന് തേനീച്ചക്കൂട് സുരക്ഷിതമായി നീക്കം ചെയ്യാൻ നടപടി തുടങ്ങി.വൈദഗ്ദ്ധ്യമുള്ള ആദിവാസികളെ ഇതിനായി എത്തിച്ചു.