'പെരുമ്പാവൂരിൽ സീറ്റ് തരും, കേന്ദ്ര  നേതൃത്വത്തോട്  കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്'; എൽദോസ്  കുന്നപ്പിള്ളി

Thursday 19 March 2026 11:05 AM IST

കൊച്ചി: പാർട്ടി സീറ്റ് നൽകുമെന്നാണ് പ്രതീക്ഷയെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ഡൽഹിയിൽ നിന്ന് തിരികെവന്നശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എൽദോസ് കുന്നപ്പിള്ളി ഇക്കാര്യം പറഞ്ഞത്. തനിക്ക് പെരുമ്പാവൂരിൽ ജയിക്കാൻ കഴിയുമെന്നും പാർട്ടി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'കഴിഞ്ഞ 10 വർഷമായി പെരുമ്പാവൂരിലെ ജനങ്ങളുടെ ഹൃദയത്തിൽ എനിക്ക് സ്ഥാനമുണ്ട്. എന്റെ ഹൃദയത്തിൽ അവർക്കും സ്ഥാനമുണ്ട്. ഡൽഹിയിൽപ്പോയി ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ഞാൻ ധരിപ്പിച്ചു. ഞാൻ പെരുമ്പാവൂരിൽ ജയിക്കാനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണ്. അത് നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഉറപ്പ് പറയാൻ കഴിയില്ല. പക്ഷേ എന്നെ പരിഗണിക്കുന്നുണ്ട്. ഒരു വർഷം മുൻപ് തന്നെ ഞാൻ പ്രചാരണം തുടങ്ങിയതാണ്.

സ്ഥാനാർത്ഥി പട്ടികയിൽ എന്റെ പേര് കാണാൻ സാദ്ധ്യതയുണ്ട്. പെരുമ്പാവൂരിൽ ട്വന്റി 20യ്ക്ക് രക്ഷയില്ല. അവർ ജയിക്കാൻ തീരെ സാദ്ധ്യതയില്ല. ഇനി സീറ്റ് കിട്ടിയില്ലെങ്കിലും കോൺഗ്രസിനൊപ്പമാണ്. എന്നും കോൺഗ്രസ് ആയിരിക്കും. പാർട്ടി എന്ത് ഉത്തരവാദിത്വം തന്നാലും അത് നല്ലപോലെ ഞാൻ ചെയ്യും. കേന്ദ്രം വളരെ പോസിറ്റീവായാണ് എന്നോട് സംസാരിച്ചത്. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും'- എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് നൽകില്ലെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ലെെംഗിക പീഡന കേസ് ഉള്ളതിനാലാണ് സീറ്റ് നൽകാത്തത്. കുന്നപ്പിള്ളിക്കെതിരായ കേസ് 26ന് വരുന്നതിനാൽ സ്ഥാനാർത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹെെക്കമാൻഡ് നിലപാട്.