വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ശവങ്ങളല്ല! ഇത് വധൂവരന്മാരാണ്; വൈറലായി പ്രീ വെഡിംഗ് ഷൂട്ട്, വീഡിയോ

Thursday 19 March 2026 12:07 PM IST

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി കണ്ടുവരുന്ന ഒന്നാണ് പ്രീ വെഡിംഗ് ഷൂട്ടുകൾ അല്ലെങ്കിൽ സേവ് ദി ഡേറ്റ് വീഡിയോകൾ. ചിലത് പരമ്പരാഗത രീതിയിലാകുമ്പോൾ മറ്റുചിലത് സിനിമാറ്റിക്ക് രീതിയിലായിരിക്കും. ഓരോരുത്തരും അവരുടെ വീഡിയോ എല്ലാവരിൽ നിന്നും വ്യത്യസ്‌തമാക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ പലതിലും അൽപ്പം നാടകീയത കൂടുതലായിരിക്കും. ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ ഒരു വെറൈറ്റി പ്രീ വെഡിംഗ് വീഡിയോയാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

കണ്ടവരെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചൊരു വീഡിയോ ആയിരുന്നു അത്. പ്രതിശ്രുത വരനും വധുവും ശവങ്ങളെപ്പോലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഭയാനകമായ പശ്ചാത്തലത്തിലുള്ള വീഡിയോ ആയിരുന്നു അത്. ഒരു നിശ്ചലമായ തടാകത്തിൽ പൊന്തിവന്ന രണ്ട് ശവങ്ങളെപ്പോലെ വരനും വധുവും വെള്ളത്തിൽ കിടക്കുന്നു. വെള്ള നിറത്തിലുള്ള വിവാഹ വസ്‌ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫറുടെ നിർദേശപ്രകാരം അസിസ്റ്റന്റ് വധൂവരന്മാരുടെ വസ്‌ത്രങ്ങൾ ശരിയായ രീതിയിൽ ക്രമീകരിക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയത്തും രണ്ടുപേരും കണ്ണടച്ച് ശവങ്ങളെപ്പോലെ അനങ്ങാതെ വെള്ളത്തിൽ പൊന്തിക്കിടക്കുകയാണ്.

വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ ഇങ്ങനെ ചിത്രീകരിച്ചതിന്റെ പേരിൽ നിരവധിപേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകളിട്ടിരിക്കുന്നത്. വധൂവരന്മാരുടെ വ്യക്തിത്വത്തിന് ഈ വീഡിയോയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുപോലും ചിലർ സംശയം പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ആഗ്രഹംകൊണ്ടാണ് ഇതൊക്കെയെന്നാണ് മറ്റുചിലർ കമന്റിട്ടിരിക്കുന്നത്.