'ആർ ജെ ഡിയിൽ നടക്കുന്നത് ശീതസമരം'; പാർട്ടിവിട്ട് മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള

Thursday 19 March 2026 2:33 PM IST

തിരുവനന്തപുരം: ആർ ജെ ഡി വിട്ട് മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള. കൂടുതൽ ആ‌ർജെഡി നേതാക്കൾ രാജിവയ്‌ക്കുമെന്നും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്‌ചയായി പാർട്ടിക്കുള്ളിൽ ശീതസമരം നടക്കുകയാണ്. ആവശ്യമായ സീറ്റ് ലഭിച്ചില്ല. എൽഡിഎഫ് വിടാനായിരുന്നു ആർജെഡിയുടെ തീരുമാനം. സംസ്ഥാന സമിതി യോഗത്തിലെ ഭൂരിപക്ഷാഭിപ്രായം എൽഡിഎഫ് വിടാനായിരുന്നു. ആർജെഡി മൂന്ന് സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് തങ്ങളെ അംഗീകരിക്കാതെയാണെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.

'മത്സരിക്കുന്ന കാര്യം ഇനിയാണ് ആലോചിക്കേണ്ടത്. തിരുവനന്തപുരം മണ്ഡലത്തിൽ വ്യക്തിബന്ധങ്ങളുണ്ട്. ഇടതുമുന്നണിയുമായി ബന്ധമില്ല. ആർജെഡി വിട്ടവരുടെ കൺവെൻഷൻ ഉടനെ ഉണ്ടാകും. മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ല. ആലോചിച്ച് തീരുമാനമെടുക്കും. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കൂടുതൽ അടുപ്പമുണ്ട്. മുമ്പ് എംഎൽഎയായും മന്ത്രിയായും ഇരുന്ന മണ്ഡലമാണത്' - സുരേന്ദ്രൻ പിള്ള പറഞ്ഞു.