ഇവന്റ് മാനേജ്മെന്റ് പ്രതിസന്ധിയിൽ

Thursday 19 March 2026 6:13 PM IST

കൊച്ചി: യുദ്ധം മൂലമുള്ള പാചകവാതക, വ്യോമഗതാഗത പ്രതിസന്ധികൾ ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട മേഖലകളെ ബാധിച്ചതായി ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള അറിയിച്ചു. വിവാഹ സീസണും കോർപ്പറേറ്റ് സമ്മേളനങ്ങളും സജീവമാകുന്ന സമയത്തെ പ്രതിസന്ധി മേഖലയെ തകർക്കുമെന്ന് അസോസിയേഷൻ പറഞ്ഞു.

പാചകവാതകം ലഭിക്കാത്തതിനാൽ ഇവന്റുകൾ പലതും റദ്ദാക്കപ്പെട്ടു. വിമാന സർവീസുകൾ റദ്ദാക്കപ്പെടുന്നതും ടിക്കറ്റ് നിരക്ക് വർദ്ധനയും ഡെസ്റ്റിനേഷൻ വെഡിംഗ് സാദ്ധ്യതകളെ ബാധിച്ചു. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹന്നാൻ കെ.അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.