നേതൃത്വം ആന്റണിയുടെ സഹായം തേടി, ഫോണിൽ സംസാരിച്ചു

Friday 20 March 2026 12:58 AM IST

തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന കെ.സുധാകരനെ അനുനയിപ്പിക്കാനും അന്തിമ തീരുമാനമെടുക്കാനും എ.ഐ.സി.സി നേതൃത്വം മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ സഹായം തേടിയതായി സൂചന. അന്തിമ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ച് പ്രായോഗികമായ തിരുത്തലുകൾക്കാണ് പ്രവർത്തക സമിതി അംഗമായ ആന്റണിയുടെ ഉപദേശം ആരാഞ്ഞത്.

സുധാകരനെ അനുനയിപ്പിക്കുകയും സർവസ്വീകാര്യമായ ഒത്തുതീർപ്പ് ഫോർമുല കണ്ടെത്തുകയുമായിരുന്നു ഹൈക്കമാൻഡ് ലക്ഷ്യം. മുമ്പ് പാർട്ടി പ്രതിസന്ധിയിലായിട്ടുള്ള പല ഘട്ടങ്ങളിലും ആന്റണിയുടെ ഉപദേശം തേടിയിട്ടുണ്ട്. ഇന്നലെ കെ.സുധാകരനുമായി ഫോണിൽ ആന്റണി സംസാരിച്ചു. പാർട്ടി നേതൃത്വം എന്തു തീരുമാനമെടുക്കുന്നോ അത് അനുസരിക്കണമെന്ന ആവശ്യമാണ് അദ്ദേഹം സുധാകരന് മുന്നിൽ വച്ചത്.

എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടായാലും ഇടതു ഭരണത്തിന്റെ മൂന്നാം ഊഴം തടയാൻ പാർട്ടിക്കൊപ്പം നിൽക്കണമെന്നും ആന്റണി അഭ്യർത്ഥിച്ചു. കണ്ണൂരിൽ ജീവൻ പണയപ്പെടുത്തി പാർട്ടി പ്രവർത്തനം നടത്തിയ നേതാവാണ് കെ.സുധാകരനെന്നും നിർണായക ഘട്ടത്തിൽ പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്ന അഭിപ്രായമാണ് താൻ അദ്ദേഹത്തിനു മുന്നിൽ വച്ചതെന്നും ആന്റണി വ്യക്തമാക്കി.