വർഗീയ കലാപങ്ങളില്ലാത്ത പത്ത് വർഷം; പിണറായി വിജയൻ

Friday 20 March 2026 12:59 AM IST

മലപ്പുറം: കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ വർഗീയ കലാപങ്ങളോ സംഘർഷങ്ങളോ ഉണ്ടായിട്ടില്ലെന്നും വർഗീയ ശക്തികൾ തലയുയർത്താൻ ശ്രമിക്കുമ്പോഴെല്ലാം സർക്കാർ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് 'ഇ.എം.എസ് മന്ദിരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃത്യമായ ധാരണയുള്ള ഒരു മുന്നണി ഭരണനേതൃത്വം സംസ്ഥാനത്തെ നയിക്കുന്നതുകൊണ്ടാണ് ഇത് സാദ്ധ്യമാകുന്നത്. ഒരുതരത്തിലുള്ള വർഗീയതയെയും സംരക്ഷിക്കാനോ അവരോട് ചേർന്നുനിൽക്കാനോ എൽ.ഡി.എഫ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ നിന്ന് നിക്ഷേപിക്കാൻ പറ്റിയ ഏക സംസ്ഥാനം എന്ന നിലയിലേക്ക് കേരളം വളർന്നു കഴിഞ്ഞു. വികസന പദ്ധതികൾക്കാവശ്യമായ പണം കണ്ടെത്തുന്നതിനായി കിഫ്ബി പുനർജീവിപ്പിച്ചതിലൂടെ ഒരുലക്ഷത്തി പതിനായിരം കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാരിനായി. അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം ലോകത്തിന് തന്നെ മാതൃകയാണ്. രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന പേര് കേരളം നേടിയത് എൽ.ഡി.എഫ് ഭരണത്തിലാണ്. ഭരണതലത്തിൽ നടന്ന ഒരുഅഴിമതി പോലും കൃത്യതയോടെ ആരോപിക്കാൻ പ്രതിപക്ഷത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മലപ്പുറം ജൂബിലി റോഡിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പണിത അത്യാധുനിക സൗകര്യങ്ങളുള്ള ജില്ലാ കമ്മിറ്റി ഓഫിസാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഇ.എം.എസിന്റെ പ്രതിമ മുഖ്യമന്ത്രി അനാഛാദനംചെയ്തു. പാലോളി മുഹമ്മദ്കുട്ടി പതാക ഉയർത്തി. പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.പി.അനിൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ.പി.അനിൽ സംസാരിച്ചു.