സോളാർ പാനൽ ബിസിനസ്: സൂക്ഷിച്ചില്ലേൽ കൈ പൊള്ളും

Friday 20 March 2026 12:24 AM IST

കൊല്ലം: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും നിലവാരമില്ലാത്ത സാമഗ്രികൾ സ്ഥാപിച്ചും സോളാർ പാനൽ ബിസിനസിൽ തട്ടിപ്പ് പെരുകുന്നു. കൃത്യമായ ബില്ല് നൽകാത്ത തട്ടിപ്പ് സംഘങ്ങൾ തകരാറുകൾ വരുമ്പോൾ അറ്റകുറ്റപ്പണി നടത്താതെയും സോളാർ ഉപഭോക്താക്കളെ വലയ്ക്കുകയാണ്.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 78,000 രൂപയും വിമുക്തഭടന്മാർക്കായി പ്രഖ്യാപിച്ച 12,000 രൂപയും മാത്രമാണ് നിലവിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് സബ്സിഡിയായി ലഭിക്കുന്നത്. എന്നാൽ ഇതിനേക്കാൾ സബ്സിഡി വാങ്ങിനൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘങ്ങൾ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ഡി.സി.ആർ പ്ലാന്റിന് പകരം നോൺ ഡി.സി.ആർ പ്ലാന്റ് സ്ഥാപിച്ച് പണം വാങ്ങിയ ശേഷം ജനങ്ങൾക്ക് സബ്സിഡി ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്ന സംഘങ്ങളുമുണ്ട്. സോളാർ സ്ഥാപിക്കുന്നതിന് എല്ലാ ബാങ്കുകളിൽ നിന്നും വായ്പ ലഭിക്കും. എന്നാൽ ചുരുക്കം ബാങ്കുകളിൽ നിന്നേ സബ്സിഡി ലഭിക്കുവെന്നും തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.

അംഗീകൃത സ്ഥാപനമില്ലാത്തവരും ഇടനിലക്കാരും സോളാർ ബിസിനസിൽ രംഗത്തുണ്ട്. ഇവർ വീടുകളിലെത്തി ആളുകളെ കാൻവാസ് ചെയ്യുകയാണ്. ഇത്തരത്തിൽ എത്തുന്നവരുടെ സ്ഥാപനം കേന്ദ്ര സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത അംഗീകൃത വെണ്ടറാണോയെന്നും സമീപിക്കുന്ന വ്യക്തി കമ്പനിയുടെ യഥാർത്ഥ പ്രതിനിധിയാണോയെന്നും ഉറപ്പുവരുത്തണം. അംഗീകൃത സ്ഥാപനങ്ങളുടെയും ജീവനക്കാരെന്ന പേരിൽ വ്യാജന്മാരും വ്യാപകമായി ജനങ്ങളെ സമീപിക്കുന്നുണ്ട്.

അധിക സബ്സിഡി അടവ്

 അധിക സബ്സിഡി വാഗ്ദാനം ചെയ്താൽ സൂക്ഷിക്കുക  രേഖാമൂലമുള്ള ക്വട്ടേഷൻ വാങ്ങുക  ഇടപാട് ബാങ്ക് അക്കൗണ്ട് വഴി നടത്തുക

 പണമിടപാടിന്റെ രസീത് വാങ്ങുക

 ജി.എസ്.ടി ബില്ല് വാങ്ങണം

 സ്ഥാപിക്കുന്നത് കമ്പനി നേരിട്ടെന്ന് ഉറപ്പാക്കണം

 അപാകതൾക്ക് കമ്പനിയുടെ ഉത്തരവാദിത്തം ഉറപ്പാക്കണം

 അറ്റകുറ്റപ്പണിക്ക് രേഖമൂലം ഉറപ്പ് വാങ്ങണം  സോളാർ പാനലിന്റെ ഗുണനിലവാരം ഉറപ്പാക്കണം

 ഇൻവേർട്ടർ, ഘടനാ സാമഗ്രികൾ, വയറിംഗ് എന്നിവയും പ്രധാനം  വിലക്കുറവിന്റെ അടിസ്ഥാനത്തിൽ ഇടപാട് നടത്തരുത്  ഗുണനിലവാരം പ്രധാന മാനദണ്ഡമാക്കണം

 തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളെ സൂക്ഷിക്കണം

സോളാർ മേഖലയിൽ വ്യാജ വാഗ്ദാനങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുവെന്ന പരാതികൾ ഉയരുന്നുണ്ട്. അതുകൊണ്ട് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം. വിശ്വസ്ത സ്ഥാപനങ്ങളെ മാത്രം സോളാർ പാനൽ സ്ഥാപിക്കുന്നതിന് സമീപിക്കണം.

ഗോപകുമാർ, മാനേജിംഗ് ഡയറക്ടർ,

ജി ആൻഡ് ജി അസോസിയേറ്റ്സ് സോളാർ സൊലൂഷൻ, ദക്ഷിണ മേഖല സെക്രട്ടറി, മാസ്റ്റേഴ്സ് സോളാർ ട്രേഡേഴ്സ് അസോസിയേഷൻ

സോളാർ പാനൽ സ്ഥാപിക്കുമ്പോൾ ജാഗ്രത പുലർത്തണം. വിശ്വസ്ത സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തണം.

ജെ.സി. ലിജോ, സംസ്ഥാന ജനറൽ സെക്രട്ടറി,

മാസ്റ്റേഴ്സ് സോളാർ ട്രേഡേഴ്സ് അസോസിയേഷൻ