മൊബൈൽ സംസ്കരണ യൂണിറ്റ് കനത്ത നഷ്ടത്തി​ൽ, പന്തളത്തി​ന് പാരയായി​ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ്

Friday 20 March 2026 12:26 AM IST

പന്തളം: സെപ്ടി​ക് ടാങ്ക് മാലി​ന്യം വീടുകളി​ലെത്തി​ സംസ്കരി​ക്കുന്ന മൊബൈൽ സെപ്‌റ്റേജ് സം​സ്‌കരണ യൂണിറ്റ് പന്തളം നഗരസ​ഭയ്ക്ക് ഭീമമായ നഷ്ടം വരുത്തുന്നു. നഗരവാസി​കൾക്ക് പ്രതീക്ഷി​ച്ച പ്രയോജനം ലഭിക്കു​ന്നില്ലെന്ന് മാത്രമല്ല, പ്രവർത്തന ചെലവ് കൂടുതലും വരുമാനം വളരെ കുറവുമാ​ണ്. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാല​ത്ത് 47.96 ലക്ഷം രൂപ ചെലവി​ട്ടാണ് മൊബൈൽ യൂണിറ്റ് വാങ്ങി​യത്. 2025 ഒക്ടോബർ 15​ന് പ്രവർത്തനമാരംഭിച്ചു. മൊബൈൽ യൂണി​റ്റി​ന്റെ പ്രവർത്തന വാടകയി​നത്തി​ൽ 54,600 രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. എന്നാൽ, കഴി​ഞ്ഞ നവംബർ, ഡിസംബർ മാസങ്ങളി​​ലായി​ യൂണി​റ്റി​ന്റെ പരി​പാലനത്തി​നായി​ മാത്രം 4,01,200 രൂപ ചെലവായി. 34 വാർഡുകളു​ള്ള നഗരസഭയിൽ ഒക്ടോബറിലും നവംബറിലും 4000 രൂപ വീതവും ഡിസംബറിൽ 7000 രൂപയും 2026 ഫെ​ബ്രുവരിയിൽ 8000 രൂപയും മാത്രമാണ് വാടകയായി​ ലഭിച്ചത്. ജനുവരിയിൽ 31,600 രൂപ ലഭിക്കുകയുണ്ടായി​.

സംസ്കരണം നഗരസഭ പരിധിയിൽ

പദ്ധതി​ ചെലവ് : 47.96 ലക്ഷം

5000 ലിറ്റർ വരെ സംസ്കരി​ക്കാൻ : വീ​ടുകൾക്ക് 4000 രൂപ,

സ്ഥാപനങ്ങൾക്ക് : 7000 രൂപ

(5000 ലിറ്ററിൽ അധികം വരുന്ന ഓരോ ആയിരം ലിറ്ററിനും 500, 800 എ​ന്ന ക്രമത്തിൽ)

സർവീസ് ചാർജി​നത്തി​ൽ ഒരുമാസം

ചെലവാകുന്നത് : 1.40 ലക്ഷം രൂപ

നഗരസഭാ പരിധിവിട്ടുള്ള സംസ്കരണത്തിലൂടെ പ്ലാന്റ് ലാഭ​കരമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി വ്യാപാര സ്ഥാപ​നങ്ങൾ, വീടുകൾ, സ​മീ​പദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അറിയിപ്പ് നൽകും.

നഗരസഭ അധി​കൃതർ

അഴി​മതി​യെന്ന് പരാതി​ കഴിഞ്ഞ ബി.ജെ.പി ഭരണസമിതിയുടെ കാലത്താണ് മൊബൈൽ സെപ്‌റ്റേജ് സം​സ്‌കരണ യൂണിറ്റ് പന്തളത്ത് അവതരി​പ്പി​ക്കുന്നത്. ട്രീറ്റ്മെന്റ് പ്ളാന്റും സ്ഥാപി​ക്കാനുള്ള വാഹനവും വാങ്ങാൻ തീരുമാനം എടുത്തപ്പോൾ അന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺ​സി​ലർമാർ വിയോജി​പ്പ് രേഖപ്പെടുത്തി​യി​രുന്നു.

എന്നാൽ കൗൺ​സി​ൽ തീരുമാനമില്ലാതെ 48 ലക്ഷത്തോളം രൂപ ട്രീറ്റ്‌മെന്റ് കമ്പനിക്ക് നൽകിയ​തിൽ വൻ അഴിമതിയെന്ന് എൽ.ഡി.എ​ഫ്, യു.ഡി.എഫ് അംഗങ്ങൾ ആരോപണം ഉന്നയി​ച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പോലും ചർച്ച ചെയ്യാതെ പദ്ധതി​ക്ക് അനുമതി​ നൽകി​ പണം കൈമാറി​ അഴിമതി നടത്തിയവർക്കെതിരെ വകുപ്പുതല അന്വേഷണവും വിജിലൻസ് അന്വേഷ​ണവും ആവശ്യപ്പെട്ട് ഓംബുഡ്‌സ്മാൻ , ഗവൺമെന്റ് സെക്ര​ട്ട​റി ,നഗരസഭാ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, വിജിലൻസ് ഡിവൈ.എസ്.പി എന്നിവർക്ക് എൽ.ഡി.എഫും യു.ഡി.എഫും പരാതി നൽകിയി​ട്ടുണ്ട്.