ഒരു ലക്ഷത്തിന് താഴേക്ക്? സ്വര്‍ണവില ഇനിയും കുറയും; കാരണങ്ങള്‍ ഇങ്ങനെ

Friday 20 March 2026 12:21 AM IST

പവന് 5,200 രൂപ ഇടിഞ്ഞു

കൊച്ചി: ക്രൂഡോയില്‍ വിപണിയിലെ അനിശ്ചിതത്വം നാണയപ്പെരുപ്പം രൂക്ഷമാക്കുമെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ വിലയിരുത്തലില്‍ ആഗോള വിപണിയില്‍ സ്വര്‍ണ വില തകര്‍ന്നടിയുന്നു. ഇന്നലെ മാത്രം ആഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന്(31.1 ഗ്രാം) 300 ഡോളറിനടുത്ത് ഇടിഞ്ഞ് 4,560 ഡോളര്‍ വരെ താഴ്ന്നു. കേരളത്തില്‍ പവന്‍ വില 5,200 രൂപ ഇടിഞ്ഞ് 1,10,200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 650 രൂപ കുറഞ്ഞു. ഇന്നലെ മൂന്ന് തവണയാണ് വില കുറഞ്ഞത്.

പലിശ നിരക്കില്‍ തിരക്കിട്ട് മാറ്റം വരുത്തില്ലെന്ന് ജെറോം പവല്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം ഡോളര്‍, ക്രൂഡോയില്‍ എന്നിവയിലേക്ക് മാറ്റി. രണ്ട് ദിവസത്തിനിടെ സ്വര്‍ണ വില ഔണ്‍സിന് 400 ഡോളറണ് ഇടിഞ്ഞത്. സ്വര്‍ണ വിലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ഇന്നലെയുണ്ടായത്.

വെള്ളിയ്ക്കും അടിതെറ്റി

നിക്ഷേപകര്‍ വില്‍പ്പന ശക്തമാക്കിയതോടെ വെള്ളി വിലയും ഇന്നലെ മൂക്കുകുത്തി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചില്‍ വെള്ളി വില കിലോഗ്രാമിന് 25,500 രൂപ ഇടിഞ്ഞ് 2.22 ലക്ഷം രൂപയായി. നടപ്പുവര്‍ഷം ഇതുവരെ വെള്ളി വിലയില്‍ 23 ശതമാനം ഇടിവാണുണ്ടായത്. കേരളത്തില്‍ ഇന്നലെ വെള്ളി വില കിലോഗ്രാമിന് 2.6 ലക്ഷം രൂപയിലേക്ക് താഴ്ന്നു.

വിപണിക്ക് തിരിച്ചടിയാകുന്നത്

1. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിച്ചതോടെ സ്വര്‍ണത്തിന് പ്രിയം കുറയുന്നു

2. പശ്ചിമേഷ്യയിലെ യുദ്ധത്തിലെ അനിശ്ചിതത്വം കണക്കിലെടുത്ത് കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വിറ്റ് ഡോളര്‍ വാങ്ങുന്നു

3. അമേരിക്കയില്‍ പലിശ കുറയാന്‍ സാദ്ധ്യത മങ്ങിയതോടെ ആഗോള ഫണ്ടുകള്‍ സ്വര്‍ണം വിറ്റ് ക്രൂഡോയിലേക്ക് മാറുന്നു

സ്വര്‍ണ വില സിംഗപ്പൂര്‍ വിപണി(ഔണ്‍സിന്) - 4,530 ഡോളര്‍

പവന്‍ വില - 1,10,400 രൂപ