അങ്കമാലി - മണ്ണുത്തി പാത: മഴയ്‌ക്കു മുമ്പ് അറ്റകുറ്റപ്പണി തീർക്കും
കൊച്ചി: അങ്കമാലി - മണ്ണുത്തി ദേശീയ പാതയുടെ അറ്റകുറ്റപ്പണികൾ മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പുനൽകി. അപകട സാദ്ധ്യതയുള്ള ബ്ലാക് സ്പോട്ടുകൾ കണ്ടെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. ദേശീയപാത ശോച്യാവസ്ഥയിൽ തുടരുമ്പോഴും തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരെ കോൺഗ്രസ് നേതാവ് ഷാജി കോടൻകണ്ടത്ത് ഉൾപ്പെടെ നൽകിയ ഹർജികളിലാണിത്.
ഉറപ്പ് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്, വിഷയം മേയ് 28ന് പരിഗണിക്കാൻ മാറ്റി. അടിപ്പാതകളുടെ നിർമ്മാണം, സർവീസ് റോഡ് അറ്റകുറ്റപ്പണി തുടങ്ങിയവയുടെ പുരോഗതി സംബന്ധിച്ച് തൃശൂർ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ഇടക്കാല മേൽനോട്ട സമിതി അതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.