യു.ഡി.എഫ് വിട്ട പ്രമുഖർക്ക് എൽ.ഡി.എഫിൽ സീറ്റില്ല

Friday 20 March 2026 1:39 AM IST

കോട്ടയം: അഞ്ച് വർഷത്തിനിടെ കോൺഗ്രസ് വിട്ട് ഇടത്തേക്ക് ചാഞ്ഞ അരഡസനിലേറെ നേതാക്കൾക്ക് എൽ.ഡി.എഫിൽ സീറ്രില്ല. ഉപതിരഞ്ഞെടുപ്പിൽ പരിഗണിച്ചും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകിയും ഇവരെ എൽ.ഡി.എഫ് ആദ്യം തലോടിയെങ്കിലും പിന്നീട് തഴയുകയായിരുന്നു. കെ.വി. തോമസ്, കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ഡോ. പി. സരിൻ, ലതികാ സുഭാഷ്, പി.എം. സുരേഷ് ബാബു​ ഉൾപ്പെടെയുള്ള നേതാക്കളാരും ഇത്തവണ മത്സരിക്കാനില്ല.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് കെ.വി. തോമസ് കോൺഗ്രസ് വിട്ടത്. കഴിഞ്ഞതവണ എറണാകുളം സീറ്റ് പ്രതീക്ഷിച്ച കെ.വി. തോമസ് കോൺഗ്രസുമായി അകൽച്ചയിലായിരുന്നു.

തുടർന്ന് എൽ.ഡി.എഫിലേക്ക് കൂടുമാറിയ കെ.വി. തോമസിനെ സർക്കാർ ക്യാബിനറ്റ് പദവിയോടെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാക്കി. ഇത്തവണ എറണാകുളത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങളുയർന്നെങ്കിലും സീറ്റില്ല.

മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കേ ഏറ്റുമാനൂർ സീറ്റ് നിഷേധിച്ചെന്നാരോപിച്ച് ഇന്ദിരാഭവന് മുന്നിൽ പരസ്യമായി തലമൊട്ടയടിച്ചാണ് ലതികാസുഭാഷ് കോൺഗ്രസ് വിട്ടത്. തുടർന്ന് ഏറ്റുമാനൂരിൽ സ്വതന്ത്രയായി.

പിന്നീട് എൻ.സി.പിയുടെ ഭാഗമായി വനം വികസന കോ‌ർപ്പറേഷൻ ചെയർപേഴ്സണായി. തദ്ദേശതിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലെ തിരുനക്കര വാർഡിൽ മത്സരിച്ച് മൂന്നാമതായി. എൻ.സി.പിയിലേക്ക് പോയ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. സുരേഷ് ബാബുവിനും കാര്യമായ പരിഗണന ലഭിച്ചില്ല.

 പരിഗണന കിട്ടാതെ അനിൽകുമാറും സരിനും

കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റായതോടെയാണ് കെ.പി. അനിൽകുമാറും പി.എസ്.പ്രശാന്തും സി.പി.എമ്മിൽ ചേർന്നത്. അനിൽകുമാറിനെ സി.പി.എം 'ഒഡേപക്" ചെയർമാനാക്കി. നിലവിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമാണ്. പക്ഷേ നിയമസഭയിലേക്ക് പരിഗണിട്ടില്ല. നെടുമങ്ങാട്ട് തോറ്റ ശേഷം കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായി. പക്ഷേ സീറ്റ് കിട്ടിയില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വിട്ടിറങ്ങിയ സരിൻ ഇടതുസ്ഥാനാർത്ഥിയായി. പിന്നീട് വിജ്ഞാനകേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡ്വൈസറാക്കി.