മുടി വെട്ടിയതും പുതിയ ചെരുപ്പിട്ടതും ഇഷ്‌ടമായില്ല; പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസുകാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദനം
Friday 20 March 2026 7:47 AM IST
കോഴിക്കോട്: പരീക്ഷകഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസുകാരന് സീനിയർ വിദ്യാർത്ഥികളുടെ മർദനം. കോഴിക്കോട് മടവൂർ ചക്കാലക്കൽ സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരായ 15 വിദ്യാർത്ഥികളാണ് ക്രൂരമർദനം നടത്തിയത്.
പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ പിടിച്ചുകൊണ്ടുപോയി വിവിധയിടങ്ങളിൽ വച്ചാണ് മർദിച്ചത്. കുട്ടിയെ സ്‌കൂൾ ബസിൽ കയറി വീട്ടിലേക്ക് പോകാനും വിദ്യാർത്ഥികൾ അനുവദിച്ചില്ല. കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്‌തതോടെയാണ് മർദനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി. മുടിവെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്‌താണ് വിദ്യാർത്ഥികൾ മർദിച്ചതെന്നാണ് കുട്ടിയുടെ മൊഴി. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.