തളിപ്പറമ്പിൽ യുഡിഎഫിന് ഇരുട്ടടി, ടി കെ ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ എതിർപ്പ്; കെപിസിസി അംഗം മത്സരിക്കും

Friday 20 March 2026 11:26 AM IST

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാനൊരുങ്ങി കെപിസിസി അംഗം. ഡിസിസി സെക്രട്ടറി കൂടിയായ കൊയ്യം ജനാർദ്ദനനാണ് മത്സരിക്കാൻ ഒരുങ്ങുന്നത്. മണ്ഡലത്തിൽ സിപിഎം വിമതന് പിന്തുണ നൽകിയത് കോൺഗ്രസിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. തളിപ്പറമ്പ്, പയ്യന്നൂർ എന്നീ മണ്ഡലങ്ങളിൽ യുഡിഎഫ് സിപിഎം വിമതരെയാണ് പിന്തുണയ്ക്കുന്നത്.

ശനിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മണ്ഡലത്തിൽ മത്സരിക്കുമെന്ന് ജനാർദ്ദനൻ പ്രതികരിച്ചു. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കൊയ്യം ജനാർദ്ദനൽ മുതിർന്ന നേതാക്കളിൽ ഒരാളാണ്. വിമതർക്ക് പിന്തുണ നൽകാനുള്ള യുഡിഎഫ് തീരുമാനത്തോട് നിസഹകരണവുമായി കോൺഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വവും അണികളും രംഗത്തെത്തിയിട്ടുണ്ട്. സിപിഎം വിട്ട് ഇറങ്ങിയ നേതാക്കൾക്ക് സ്ഥാനാർത്ഥിത്വവും പിന്തുണയും നൽകാനുള്ള നേതൃത്വത്തിന്റെ തീരുമാനം താഴെതട്ടിൽ നിരാശ സൃഷ്ടിക്കുന്നുവെന്നാണ് ഇവരിൽ പലരും പറയുന്നത്.

സിപിഎമ്മിൽ നിന്ന് വിട്ടു വന്ന വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് പയ്യന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. കുഞ്ഞിക്കൃഷ്ണനെയും ടികെ ഗോവിന്ദനെയും പിന്തുണക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ സോഷ്യൽ മീഡിയയിൽ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

ഇന്നലെ വരെ പാർട്ടിക്ക് നേരെ ആക്രമണം നടത്തിയവരെ ഇന്ന് ചുമലിലേറ്റുമ്പോൾ വർഷങ്ങൾ പ്രവർത്തിച്ചവരുടെ കണ്ണീർ കാണാതെ പോകരുതെന്നായിരുന്നു ഇതിന്റെ കാതൽ. പുതുതായി ചുവടുമാറി വരുന്നവർക്ക് നൽകുന്ന പരിഗണന ഉറ്റ അണികളുടെ അവകാശത്തിലേക്കുള്ള കടന്നുകയറ്റമാകരുതെന്നും കുറിപ്പിലുണ്ട്. യൂത്ത് ലീഗിൽ നിന്നും സമാനമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. ടി.കെ.ഗോവിന്ദനെയും വി.കുഞ്ഞികൃഷ്ണനെയും പിന്തുണച്ച് എതിരാളികളുടെ കോട്ടകളിലേക്ക് കടന്നുകയറാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം.