തിരുവനന്തപുരം സെൻട്രലിൽ സുരേന്ദ്രൻ പിള്ളയെ പരിഗണിച്ചില്ല; കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി

Friday 20 March 2026 2:05 PM IST

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ പ്രഖ്യാപിച്ച് ബിജെപി. എൽഡിഎഫിൽ നിന്നും പടിയിറങ്ങിയ ആർജെഡിയുടെ സംസ്ഥാനനേതാവും മുൻമന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്. സ്ഥാനാർത്ഥി നിർണയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകൾക്കൊടുവിൽ സംഘടനാപരമായ പ്രവൃത്തിപരിചയം കണക്കിലെടുത്ത് കരമന ജയനെ തിരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, മണ്ഡലത്തിലെ ഇടതുമുന്നണിസ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർത്ഥിനിർണയത്തിന്റെ കാര്യത്തിൽ ഇടതുമുന്നണിയിൽ ആശയക്കുഴപ്പമുള്ളതായാണ് വിവരം. തൊണ്ടിമുതൽക്കേസിൽ അയോഗ്യനാക്കപ്പെട്ടതിനാൽ എംഎൽഎ ആയിരുന്ന ആന്റണി രാജുവിന് മത്സരിക്കാനാകില്ല. പകരം സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ജനാധിപത്യ കേരള കോൺഗ്രസ് തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സ്ഥാനാർത്ഥിത്വം വൈകുന്നത് തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രാദേശിക നേതൃത്വം.