'കെകെ ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതിന് പിന്നിലൊരു കാരണമുണ്ട്, തലശ്ശേരിയും മട്ടന്നൂരും അങ്ങനെയല്ല'

Friday 20 March 2026 7:41 PM IST

തിരുവനന്തപുരം: 60,963 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം നല്‍കിയാണ് അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയെ മട്ടന്നൂരുകാര്‍ നിയമസഭയിലേക്ക് അയച്ചത്. പിണറായി സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിയായിട്ടും രണ്ടാം പിണറായി സര്‍ക്കാരില്‍ ശൈലജയ്ക്ക് അവസരം ലഭിച്ചില്ല. എംഎല്‍എ മാത്രമായിരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മത്സരിക്കാന്‍ മട്ടന്നൂര്‍ സീറ്റ് കയ്യിലില്ല. പാര്‍ട്ടി കോട്ടയ്ക്ക് പകരം ശൈലജയെ നിയോഗിച്ചിരിക്കുന്നത് പേരാവൂര്‍ മണ്ഡലത്തിലാണ്.

പേരാവൂരില്‍ നിന്ന് 2006ല്‍ വിജയിച്ച ശൈലജ 2011ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് പരാജയം രുചിച്ചു. 2016ല്‍ മത്സരിച്ചത് കൂത്തുപറമ്പില്‍ നിന്നായിരുന്നു. ഇത്തവണ പേരാവൂരിലേക്ക് അയച്ചത് ശൈലജയെ പരാജയപ്പെടുത്തി ഒതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്ന വിമര്‍ശനം ശക്തമാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരിക്കുന്ന പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ശൈലജയെ മുഖ്യമന്ത്രിയാക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അതിന് കാരണം മുന്‍കൂട്ടി മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് പാര്‍ട്ടിക്കും മുന്നണിക്കും ഇല്ല എന്നതാണെന്നും പിണറായി പറഞ്ഞു.

കെകെ ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് പേരാവൂരിലേക്ക് അയച്ചത് എന്ന പ്രാചരണം ശരിയല്ലെന്നും പിണറായി പറഞ്ഞു. രണ്ടാം സര്‍ക്കാരില്‍ ശൈലജയെ ഉള്‍പ്പെടുത്താത് പാര്‍ട്ടി കാലങ്ങളായി സ്വീകരിച്ച് വരുന്ന അച്ചടക്കത്തിന്റേയും ടേം വ്യവസ്ഥയുടേയും ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡലത്തില്‍ നിന്ന് മാറ്റിയതിന് പിന്നിലുള്ളതും പാര്‍ട്ടി രീതിയാണ്. ശക്തികേന്ദ്രങ്ങളില്‍ ഒരു പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കുക പാര്‍ട്ടിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ചില മണ്ഡലങ്ങളില്‍ വിജയിക്കാന്‍ വ്യക്തിമികവ് കൂടി ആവശ്യമായി വരും അതിനാലാണ് പേരാവൂരിലേക്കുള്ള മാറ്റമെന്നും പിണറായി പറയുന്നു.