മണ്ണാർക്കാട്ടെ ലീഗിലെ ഭിന്നത; വഴങ്ങാതെ അസംതൃപ്തർ
നാളെ കൺവെൻഷൻ നടത്താൻ നീക്കവുമായി അസംതൃപ്തർ
മണ്ണാർക്കാട്: മുസ്ലിം ലീഗിൽ മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ പ്രാദേശിക നേതൃത്വവും സംസ്ഥാന നേതൃത്വവും നടത്തിയ ചർച്ചയിലും പരിഹാരമായില്ല. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുമായാണ് പ്രാദേശിക വാദമുയർത്തിയ നേതാക്കൾ ചർച്ച നടത്തിയത്. എൻ.ഷംസുദ്ദീന് പകരം മണ്ഡലത്തിലെ പൊതുസമ്മതരായ നേതാക്കളിൽ ആർക്കെങ്കിലും അവസരം കൊടുക്കണമെന്നായിരുന്നു നേതാക്കൾ മുൻപ് ഉന്നയിച്ചിരുന്നത്. എന്നാൽ സംസ്ഥാന നേതൃത്വം കഴിഞ്ഞദിവസം ഷംസുദ്ദീനെ മത്സരാർത്ഥിയായി പ്രഖ്യാപിച്ചതോടെ മണ്ണാർക്കാട്ടെ ലീഗിൽ വീണ്ടും ഭിന്നത രൂക്ഷമാകുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായുള്ള പഞ്ചായത്തുതലം മുതലുള്ള പ്രവർത്തകരുൾപ്പെടെ നൂറിലധികം പേരാണ് ബുധനാഴ്ച സംസ്ഥാന നേതൃത്വത്തിന് മുൻപിലെത്തിയത്. മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു. എന്നാൽ അക്കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നാണ് നേതൃത്വം അറിയിച്ചതെന്നും ഇതോടെ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തുവെന്ന് അസംതൃപ്ത വിഭാഗം പറഞ്ഞു. അവകാശവാദങ്ങളല്ല, ന്യായമായ അവകാശങ്ങളുന്നയിച്ചിട്ടും അവഗണിക്കപ്പെടുകയാണെന്നാണ് പ്രാദേശിക നേതാക്കൾ അറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് അസംതൃപ്ത വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ഞായറാഴ്ച മണ്ണാർക്കാട് വിളിച്ചുചേർക്കുമെന്നും നേതാക്കൾ അറിയിച്ചു. മുൻ നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ, ടി.സിദ്ദിഖ്, കെ.യു.ഹംസ, കെ.ആലിപ്പുഹാജി ഉൾപ്പടെയുള്ള നേതാക്കളും പ്രവർത്തകരുമാണ് ചർച്ചയിൽ പങ്കെടുത്തതെന്നാണ് വിവരം. കഴിഞ്ഞദിവസം എൻ.ഷംസുദ്ദീന്റെ റോഡ് ഷോയിലും അസംതൃപ്തവിഭാഗം വിട്ടുനിൽക്കുകയും യോഗം ചേരുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്നപരിഹാരത്തിനായി സംസ്ഥാനനേതൃത്വം നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചത്.