എസ്.ഐ.ആർ, ബി.എൽ.ഒമാരുടെ ഇൻസെന്റീവ് വെട്ടി, കുറച്ചത് 4,000 രൂപ

Saturday 21 March 2026 12:02 AM IST

പത്തനംതിട്ട: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കാൻ രാപകൽ ഓടിനടന്ന ബൂത്ത് ലെവൽ ഒാഫീസർമാർക്കുള്ള ഇൻസെന്റീവ് സംസ്ഥാന സർക്കാർ 4000 രൂപ വെട്ടിക്കുറച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ വർഷം ആഗസ്റ്റ് രണ്ടിന് ഇറക്കിയ ഉത്തരവിൽ എസ്.ഐ.ആർ ജോലികൾക്ക് ഒരു ബി.എൽ.ഒയ്ക്ക് അനുവദിച്ചത് 6000 രൂപ. എന്നാൽ, സംസ്ഥാന സർക്കാർ കഴിഞ്ഞ പതിമൂന്നിന് ഇറക്കിയ ഉത്തരവിൽ 2000 രൂപ മാത്രം. ഇത് വിതരണം ചെയ്യാനുള്ള നടപടി തുടങ്ങി.

സംസ്ഥാനത്ത് 30,471 ബി.എൽ.ഒമാരാണ് എസ്.ഐ.ആറിൽ പങ്കെടുത്തത്. കഴിഞ്ഞ ഒക്ടോബർ 21ന് ആരംഭിച്ച എസ്.ഐ.ആർ ഫെബ്രുവരി 21ന് പൂർത്തിയായി. ഒരു ബി.എൽ.ഒ രണ്ടും മൂന്നും തവണ ഭവനസന്ദർശനം നടത്തിയാണ് വോട്ടർപട്ടിക പരിഷ്കരിച്ചത്. ശരാശരി 500 വീടുകൾ ഒരാൾ സന്ദർശിച്ചിട്ടുണ്ട്.

വലിയ ജോലി സമ്മർദ്ദമാണ് എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബി.എൽ.ഒമാർക്കുണ്ടായത്.

ഇൻസെന്റീവ് വെട്ടിക്കുറച്ചതിനെതിരെ എൻ.ജി.ഒ യൂണിയനും എൻ.ജി.ഒ സംഘും സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി.

ചെലവ് കൂടുതൽ

യാത്രകൾക്കായി കുറഞ്ഞത് മൂവായിരം രൂപ ചെലവായിട്ടുണ്ടെന്ന് ബി.എൽ.ഒമാർ പറയുന്നു. വനിതാ ബി.എൽ.ഒമാർക്ക് ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നതിനും നല്ലൊരു തുക ചെലവായി. ഇൻസെന്റീവ് വെട്ടിക്കുറച്ചതുമൂലം ചെലവു കാശുപോലും കിട്ടാത്ത അവസ്ഥയാണെന്നും പറഞ്ഞു. എന്യുമറേഷൻ ഫോം എത്തിക്കുക, പൂരിപ്പിച്ച ഫോം തിരികെ വാങ്ങുക, തിരുത്തലിനായി വീണ്ടും വോട്ടർമാരെ കാണുക, ഹിയറിംഗിന് നോട്ടീസ് എത്തിക്കുക തുടങ്ങിയവയ്ക്കാണ് വീടുകൾ സന്ദർശിച്ചത്.