അമ്മായിയച്ഛന് പിന്നാലെ വിമര്‍ശനവുമായി മറ്റൊരു താരം, ഷഹീന്‍ ഷാ അഫ്രീദിയുടെ കഷ്ടകാലം തുടരുന്നു
ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകനും (ഏകദിന ടീം) സ്റ്റാര്‍ പേസറുമായ ഷഹീന്‍ ഷാ അഫ്രീദിക്കെതിരെ മുന്‍ നായകന്‍. പാകിസ്ഥാന്‍ ടീമില്‍ കളിക്കാനുള്ള യാതൊരു യോഗ്യതയും ഷഹീന്‍ അഫ്രീദിക്ക് ഇല്ലെന്നാണ് മുന്‍ നായകന്‍ റാഷിദ് ലത്തീഫ് ഉന്നയിച്ച വിമര്‍ശനം. ഷഹീന്‍ അഫ്രീദി ടി 20 ഇന്റര്‍നാഷണല്‍ ടീമിന്റെ പ്ലെയിംഗ് ഇലവനില്‍ പോലും ഇടം നേടാന്‍ അര്‍ഹനല്ലെന്നാണ് ലത്തീഫ് കുറ്റപ്പെടുത്തിയത്.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ട്വന്റി 20 ലോകകപ്പില്‍ സെമി പോലും കാണാതെ പാകിസ്ഥാന്‍ പുറത്തായിരുന്നു. ഇതിന് തൊട്ട് പിന്നാലെ നടന്ന ബംഗ്ലാദേശ് പര്യടനത്തില്‍ പാകിസ്ഥാന്‍ 2-1ന് പരാജയപ്പെടുകയും ചെയ്തിരുന്നു. ഷഹീന്‍ അഫ്രീദിയുടെ കീഴിലാണ് ഏകദിന ടീം ബംഗ്ലാദേശ് പര്യടനം നടത്തിയത്. പരമ്പരയിലെ ടീമിന്റെ പ്രകടനവും നായകനെന്ന നിലയില്‍ ഷഹീന്‍ അഫ്രീദിയുടെ പ്രകടനവും വ്യാപകമായി വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്.
ഏകദിന ക്യാപ്റ്റന്‍സിക്ക് പകരം അഫ്രീദിയെ ടി ട്വന്റി ടീം ക്യാപ്റ്റനാക്കാന്‍ ആളുകള്‍ ക്യാമ്പയിന്‍ നടത്തുന്നു. എന്നാല്‍ അവന്‍ (ഷഹീന്‍ അഫ്രീദി) ഒരു സ്ഥാനവും അര്‍ഹിക്കുന്നില്ല.' എന്നാണ് മുന്‍ പാക് ക്യാപ്റ്റന്‍ ലത്തീഫ് പറഞ്ഞത്. നേരത്തെ ഷഹീന്‍ അഫ്രീദിയുടെ ഭാര്യാപിതാവും മുന്‍ സൂപ്പര്‍താരവുമായ ഷാഹിദ് അഫ്രീദിയും മരുമകനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. കുറേ വര്‍ഷമായി ദേശീയ ടീമില്‍ കളിക്കുന്നുവെന്നും എന്നാല്‍ ഏത് സാഹചര്യത്തില്‍ എവിടെ പന്തെറിയണം എന്ന് പോലും അവന് അറിയില്ല എന്നായിരുന്നു ഷാഹിദ് അഫ്രീദിയുടെ വിമര്‍ശനം.
തുടര്‍തോല്‍വികളില്‍ കടുത്ത വിമര്‍ശനമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളും പിസിബിയും ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിനോട് പോലും വിജയിക്കാന്‍ കഴിയാത്ത ഒരു സംഘമായി പാക് ടീം മാറിയെന്നാണ് മുന്‍ താരങ്ങളുടെ വിമര്‍ശനം. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകരും കടുത്ത രോഷത്തിലാണ്.