നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രണ്ടുദിവസം മാത്രം; അടിയൊഴുക്കിൽ അങ്കലാപ്പ്
തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇന്നും തിങ്കളാഴ്ചയും മാത്രം സമയം അവശേഷിക്കേ, തിരഞ്ഞെടുപ്പിന്റെ വറചട്ടിയിലേക്ക് മൂന്നു മുന്നണികൾ. അടിയൊഴുക്കുകൾ ഏതൊക്കെ രൂപത്തിൽ വരുമെന്ന അങ്കലാപ്പിലാണ് പാർട്ടികൾ.
കെ.സുധാകരൻ വിഷയത്തിൽ നന്നായി വിയർത്തെങ്കിലും യു.ഡി.എഫിന്റെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ ആശ്വസിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മേൽക്കൈ നേടിയ സി.പി.എമ്മിന്, പക്ഷേ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. എൻ.ഡി.എയിൽ ട്വന്റി- 20 സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് കാലതാമസം.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനു 12 പ്രവൃത്തി ദിനങ്ങൾപോലും തികച്ചുകിട്ടാത്തിന്റെ അങ്കലാപ്പിലാണ് പാർട്ടികൾ. സ്വന്തം പാളയത്തിലെ കലഹങ്ങളും എതിർ മുന്നണിയിലേക്കുള്ള ചുവടുമാറ്റവും വോട്ടുചോർത്തുമോയെന്ന ആശങ്ക ശക്തമാണ്.
സി.പി.എമ്മിൽ നിന്നെത്തുന്ന വിമതരെ മുന്നിൽ നിറുത്തി പോരാട്ടം കടുപ്പിക്കാമെന്ന് യു.ഡി.എഫ് കരുതി. കാര്യത്തോട് അടുക്കുമ്പോൾ, ചില തിരിച്ചടികൾ ഉണ്ടാവുമെന്ന് യു.ഡി.എഫിൽ ആശങ്കയുണ്ട്. ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ.ശശിക്കു നൽകുന്ന പിന്തുണ ഉദാഹരണം. ആരോപണ വിധേയനായി യു.ഡി.എഫ് പ്രതിക്കൂട്ടിൽ നിറുത്തിയിരുന്ന ശശിയെ വോട്ടർമാരുടെ മുന്നിൽ ന്യായീകരിക്കാൻ അത്രപെട്ടെന്ന് കഴിയില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്.
കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തത
മൂന്ന് ദിവസം കേരള രാഷ്ട്രീയത്തെ ആശങ്കയിൽ നിറുത്തിയ കെ.സുധാകരൻ വിഷയം തന്ത്രപൂർവം പരിഹരിച്ചപ്പോൾ കോൺഗ്രസിൽ വലിയൊരു ശാന്തത കൈവന്നെങ്കിലും ഇപ്പോഴും അങ്ങിങ്ങ് പൊട്ടിത്തെറികൾ ബാക്കിയാണ്. സി.പി.എമ്മിന്റെ ജനകീയ മുഖമായിരുന്ന ജി.സുധാകരനെ അമ്പലപ്പുഴയിൽ
പിന്തുണയ്ക്കാനെടുത്ത തീരുമാനം യുക്തിഭദ്രമായില്ലെന്ന അഭിപ്രായം ആലപ്പുഴയിൽ യു.ഡി.എഫിലെ ഒരു വിഭാഗത്തിനുണ്ട്.
പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയ്ക്കുന്ന വി.കുഞ്ഞികൃഷ്ണൻ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ കാട്ടുന്ന വിമുഖതയാണ് വിന. തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിമതനാവുമെന്ന പ്രചാരണവുമുണ്ട്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാൻ നടത്തിയ നീക്കങ്ങളും വിജയം കണ്ടിട്ടില്ല.
നിഴൽപ്പേടിയിൽ
എൽ.ഡി.എഫ്
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ പി.കെ.ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പിൽ, പഴയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദനെ നേരിടേണ്ടിവരുന്നത് സംസ്ഥാനത്ത് മൊത്തം എതിരാളികൾ ആയുധമാക്കുമെന്ന ആശങ്കയിലാണ് എൽ.ഡി.എഫ്. പരസ്യമായി പാർട്ടി എം.എൽ.എയ്ക്കെതിരെ രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണമുന്നയിച്ച വി.കുഞ്ഞികൃഷ്ണനും യു.ഡി.എഫ് പിന്തുണയിൽ രംഗത്തുണ്ട്. തങ്ങൾക്കെതിരെ നിൽക്കുന്ന പോരാളികൾക്ക് പഴയ സഖാക്കളുടെ നിഴൽ ഛായയുണ്ടാവുന്നതിലെ അങ്കലാപ്പ് ചെറുതല്ല.
ഒറ്റപ്പാലത്ത് സ്വതന്ത്രനായി, യു.ഡി.എഫ് പിന്തുണയിൽ മത്സരിക്കുന്ന പി.കെ.ശശിയെ നേരത്തേ നടപടി എടുത്ത് പുറത്താക്കിയശേഷവും കെ.ടി.ഡി.സി തലപ്പത്ത് പ്രതിഷ്ഠിച്ചത് എന്തിനെന്ന ചോദ്യം നേരിടേണ്ടിവരുന്നു.
ഗസ്റ്റുകളുടെ തള്ളിക്കയറ്റം
എൻ.ഡി.എ വീർപ്പുമുട്ടൽ
മറുകണ്ടം ചാടിവരുന്ന ആരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ബി.ജെ.പിയുടെ 'ആതിഥ്യമര്യാദ"യാണ് പലേടത്തും തിരിച്ചടി. സംഘടനയ്ക്കുവേണ്ടി അഹോരാത്രം പണിയെടുത്തവരെ തഴഞ്ഞ്, ഗസ്റ്റുകൾക്ക് അവസരം നൽകുന്നതിലെ അസന്തുഷ്ടി പല മണ്ഡലങ്ങളിലുമുണ്ട്. പുതിയ കൂട്ടുകച്ചവടത്തിനെത്തിയ ട്വന്റി- 20യുടെ കെട്ടിയിറക്ക് സ്ഥാനാർത്ഥികളും മത്സരയോഗ്യതയില്ലാതെ അവരുടെ പിന്മാറ്റവും ഉണ്ടാക്കുന്ന പരിഹാസ്യതയും നേതൃത്വത്തെ അലോസരപ്പെടുത്തുന്നു.