കാലയക്ഷി കനൽവാരി ; ഇരുവെള്ളിപ്പറ - തെങ്ങേലിക്കരക്കാർ കളമൊഴിഞ്ഞു

Friday 20 March 2026 11:53 PM IST

തിരുവല്ല: കദളിമംഗലം പകൽ പടേനിയിൽ കാലയക്ഷി കോലം കനൽവാരിയെറിഞ്ഞതോടെ ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ പടേനിക്ക് സമാപനമായി. കഴിഞ്ഞ പത്തുനാൾ നടന്ന പടേനിയിലെ തെറ്റുകുറ്റങ്ങൾക്ക് മാപ്പപേക്ഷിച്ചുകൊണ്ട് പിഴകളെല്ലാം പൊറുത്തുകൊണ്ട് അനുഗ്രഹിക്ക ഭഗവതിയെ.. എന്ന് പാടി മംഗളഭൈരവി കളത്തിൽ തുളളിമാറി. ശേഷം കണിയാൻ കളത്തിലെത്തി. ശേഷം പൂപ്പടയും ഗന്ധർവ്വൻ കോലവും കളത്തിൽ തുള്ളിഒഴിഞ്ഞു. 12ന് പകൽ പടേനി നടന്നു. ക്ഷേത്രത്തിന്റെ തുറന്നിട്ട തിരുനടയ്ക്ക് മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പ്ലാവ് വിറക് കത്തിച്ച് തീക്കനൽ ഉണ്ടാക്കിയശേഷം കാലയക്ഷി കോലധാരി കളത്തിലെത്തി. പാട്ടിനനുസരിച്ച് ചുവടുവെച്ച് തുള്ളി ഉറഞ്ഞ് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വെച്ചശേഷം തന്റെ ഇരുകൈകളിലെയും ഇലഞ്ഞി തൂപ്പുകൾ രണ്ട് ദിക്കുകളിലേക്ക് എറിഞ്ഞശേഷം കത്തിജ്വലിക്കുന്ന തീക്കനൽ മൂന്നുപ്രാവശ്യം വാരിയെറിഞ്ഞതോടെ കദളിമംഗലം പടേനിയിൽ ഇരുവെള്ളിപ്പറ -തെങ്ങേലി കരക്കാരുടെ പടേനിയ്ക്ക് സമാപനംകുറിച്ചു. ഇന്ന് വെൺപാല കരക്കാരുടെ പകൽ പടേനി നടക്കും. 22ന് മീനഭരണി ദിനത്തിൽ ക്ഷേത്രത്തിൽ രാവിലെ 101കലം എഴുന്നെള്ളത്ത് നടക്കും. തുടർന്ന് മൂന്ന് കരക്കാരും ഒത്തുചേർന്ന് കളത്തിൽ വിനോദ ഇനമായ പരദേശിഇറങ്ങും. ഉച്ചയ്ക്ക് അമ്മയുടെ പിറന്നാൾ സദ്യ, വൈകുന്നേരം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികൾക്കും ശേഷം കദളിമംഗലം പടേനിയ്ക്ക് സമ്പൂർണ സമാപനമാകും.