'ഞാൻ ആരുടേയും പേര് വെട്ടിയിട്ടില്ല, കെ. സുധാകരൻ കോൺഗ്രസിന്റെ ഏറ്റവും വലിയ ആസ്തി'; വി.ഡി. സതീശൻ

Saturday 21 March 2026 12:08 AM IST

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകിയത്, കെ.സുധാകരനും അടൂർ പ്രകാശും അപ്രതീക്ഷിത 'വിസ്മയം' സൃഷ്ടിച്ചത്. കലാപ കലുഷിതമായിരുന്നു കഴിഞ്ഞ മൂന്നുനാൾ കേരളത്തിലെ കോൺഗ്രസ്. ഇതിനെല്ലാം പിന്നിൽ വി.ഡി.സതീശനാണെന്ന് കോൺഗ്രസുകാർ തന്നെ ഒളിയമ്പെയ്തു. കെ.സുധാകരന്റെ പിൻമാറ്റത്തോടെ കലാപമൊടുങ്ങിയ സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേരളകൗമുദിയോട് മനസ് തുറക്കുന്നു.

സ്ഥാനാർത്ഥി പട്ടികയിൽ കെ.സുധാകരന്റെ പേരുവെട്ടിയത് വി.ഡി.സതീശനാണോ?

കെ.സുധാകരന്റെയും അടൂർപ്രകാശിന്റേയും പേരു വെട്ടിയതുകൊണ്ട് വി.ഡി.സതീശന് എന്തുഗുണം. അവരുടെയൊക്കെ പേരു വെട്ടാൻമാത്രം വലിയ നേതാവാണോ വി.ഡി.സതീശൻ. എം.പിമാർ മത്സരിക്കുന്നതുസംബന്ധിച്ച് അഭിപ്രായം പറയാൻ ഞങ്ങൾക്കവകാശമില്ല. പൂർണമായും ഹൈക്കമാൻഡിന്റെ പരിധിയിലാണ്. അവർ തീരുമാനിച്ചു, നടപ്പിലായി. കെ.സുധാകരനെ പോലൊരു നേതാവ് കോൺഗ്രസിന്റെ ഏറ്റവും വലിയ ആസ്തിയാണ്. എനിക്ക് അത്രമേൽ അടുപ്പമുള്ള നേതാവുമാണ്.

പക്ഷേ,​ സകല പാപഭാരവും വി.ഡി.സതീശന്റെ തലയിലാണല്ലോ?

അത് സ്വാഭാവികം. ലീഡർഷിപ്പിലിരിക്കുന്നവരെയും പ്രവർത്തിക്കുന്നവരേയും കടന്നാക്രമിക്കുക മറുപക്ഷത്തിന്റെ രീതിയാണ്. ഞാനതെല്ലാം സ്‌പോർട്‌സ്മാൻ സ്പിരിറ്റിലാണ് കാണുന്നത്.

എൽദോസിന്റെ പേരു വെട്ടിയത് താങ്കളാണെന്ന ആരോപണമുണ്ട്,

എൽദോസ് പറവൂരിൽ സ്വതന്ത്രനായാലോ?

എൽദോസ് കുന്നപ്പിള്ളി അത്തരം നിലപാടുകളൊന്നും എടുക്കില്ല. ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടായപ്പോഴും സംസാരിച്ചു. സിറ്റിംഗ് എം.എൽ.എയ്ക്ക് സീറ്റ് നൽകരുതെന്ന് കേരള നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. എനിക്കെതിരെ എൽദോസിനെ ആരെങ്കിലും മത്സരിപ്പിച്ചാൽ നിറഞ്ഞ സ്വാഗതം.

പുനലൂരിൽ ലീഗും കോൺഗ്രസും മത്സരിക്കുന്നു?

പുനലൂർ സീറ്റ് ലീഗിന് നൽകിയതാണ്. അവിടെ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി ഉണ്ടാകില്ല. പാർട്ടിക്കുള്ളിൽ നിന്ന് മത്സരിച്ചാൽ നടപടി ഉണ്ടാകും.

കോൺഗ്രസിൽ സർവത്ര പ്രശ്‌നങ്ങളാണല്ലോ?

പ്രശ്‌നങ്ങളൊക്കെ മാദ്ധ്യമങ്ങളുണ്ടാക്കുന്നതല്ലേ. കഴിഞ്ഞ രണ്ടുദിവസമായി എന്തൊക്കെ വാർത്തകളാണ് കോൺഗ്രസിനെതിരെ പടച്ചുവിട്ടത്. എല്ലാം ആവിയായില്ലേ. പ്രശ്‌നങ്ങളുണ്ടാക്കാൻ നോക്കുന്നവർക്കാണ് പ്രശ്‌നം. ഇത്രയും ക്രൂരത എന്തിനാണ് കോൺഗ്രസിനോട് കാണിക്കുന്നത്.

താങ്കൾ പറയുന്നു തിരക്കഥയെല്ലാം എ.കെ.ജി സെന്ററിൽ നിന്നാണെന്ന്?

എന്താണ് സംശയം. മാദ്ധ്യമങ്ങളുടെ അജണ്ടവരെ എ.കെ.ജി സെന്റർ തീരുമാനിക്കുകയല്ലേ. കോൺഗ്രസിൽ കലാപമാണെന്ന് വരുത്തി ഈ തിരഞ്ഞെടുപ്പിൽ കലാപമുണ്ടാക്കണം. അവർക്കറിയാം കഴിഞ്ഞ പത്തുവർഷംകൊണ്ട് കേരളത്തിന് ഇടതുപക്ഷത്തെ മടുത്തെന്ന്. അതിൽനിന്ന് കരകയറാൻ ഇല്ലാകഥകളുണ്ടാക്കുകയാണ്.

സ്ഥാനാർത്ഥി നിർണയം വൈകിയില്ലേ?

എവിടെ വൈകി. സി.പി.എമ്മിന് എ.കെ.ജി സെന്ററിൽ നിന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാം. കോൺഗ്രസിന് കാലാകാലമായി ഒരു രീതിയുണ്ട്. കേരളം കുറച്ചുപേരെ നിർദ്ദേശിക്കും. അത് കേന്ദ്ര സ്‌ക്രീനിംഗ് കമ്മിറ്റിയിലൂടെ സഞ്ചരിച്ച് വിജയസാദ്ധ്യത നോക്കിയാണ് സ്ഥാനാർത്ഥി നിർണയം. 48 മണിക്കൂറുകൊണ്ട് ഇത്രയും സ്ഥാനാർത്ഥികളായില്ലേ. കോൺഗ്രസ് തിരിച്ചുവരും. യു.ഡി.എഫ് 100ലേറെ സീറ്റുകൾനേടി അധികാരത്തിലെത്തും.

ആരാവും മുഖ്യമന്ത്രി?

അത്തരമൊരു ചോദ്യത്തിനെന്താണ് പ്രസക്തി. പിണറായി വിജയന് മുഖ്യമന്ത്രിയാവാൻ വി.എസിന് സീറ്റ് നിഷേധിച്ച ചരിത്രം കേരളത്തിന് മുമ്പിലില്ലേ. പാർട്ടിക്കാർ ഇളകിയപ്പോഴല്ലേ സീറ്റ് നൽകിയത്. ഇവിടെ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡിന് ഉദ്ദേശ്യമുണ്ടെങ്കിൽ ഒരാളെ മുൻനിറുത്തി മറ്റുള്ളവർക്ക് സീറ്റ് നിഷേധിച്ചാൽ പോരെ. കോൺഗ്രസിന്റെ ലക്ഷ്യം കേരളത്തിൽ അധികാരത്തിലെത്തുകയാണ്.

സി.പി.എം-ബി.ജെ.പി ഡീലിനെക്കുറിച്ച്

പറയുന്നത് എന്തടിസ്ഥാനത്തിലാണ്?

കേരളത്തിലെ സി.പി.എം-ബി.ജെ.പി ഡീൽ വസ്തുതയാണോ എന്നറിയാൻ രണ്ടുപേരുടേയും സ്ഥാനാർത്ഥി പട്ടിക പരിശോധിക്കുക. പാലക്കാട്ട് ശോഭാ സുരേന്ദ്രനെതിരെ സി.പി.എം നിറുത്തിയ സ്ഥാനാർത്ഥിയുടെ വലിപ്പം മാത്രം പരിശോധിച്ചാൽ വ്യക്തമാവും. പത്തിടത്ത് ബി.ജെ.പി സി.പി.എമ്മിനോടും തിരിച്ചങ്ങോട്ടും ഡീലുണ്ടാക്കിയിട്ടുണ്ട്.

വിസ്മയം പറഞ്ഞുപറഞ്ഞ് അവസാനം

കോൺഗ്രസിലാണല്ലോ വിസ്മയമുണ്ടായത്?

കോൺഗ്രസിലെന്താണ് പ്രശ്‌നം. 48 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥികളെ നിർണയിച്ചതാണോ കുഴപ്പം. ജി.സുധാകരൻ, ശശി, ഗോവിന്ദൻ, കുഞ്ഞികൃഷ്ണൻ, സുരേഷ്... ഇതെല്ലാം വിസ്മയങ്ങളല്ലേ.