പല സ്ഥാനങ്ങളും എനിക്ക് നഷ്ടമായിട്ടുണ്ട്: സതീശൻ, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമാകാൻ ആഗ്രഹിച്ചിരുന്നു
തിരുവനന്തപുരം: പല സ്ഥാനങ്ങളും തനിക്ക് നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയിലാണെന്നും നഷ്ടപ്പെട്ടതിനെ ഓർത്ത് സങ്കടമില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നടക്കാതായപ്പോൾ വിഷമമുണ്ടായി. എന്നാൽ, ഇന്ന് താൻ സംതൃപ്തനാണെന്നും സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ മത്സരമില്ല. സി.പി.എമ്മിൽ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ആരുമില്ല. കോൺഗ്രസിൽ കൂട്ടായ നേതൃത്വത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. കെ.സി.വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും ധാരണയുണ്ട്. സി.പി.എമ്മിലെപോലെ ഒരു വടംവലിയും ഉണ്ടാകില്ല. പാലക്കാട്ട് ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എം ഡീലുണ്ട്. ദുർബലനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഡീലിന്റെ ഭാഗമാണ്.
ബി.ജെ.പി അക്കൗണ്ട് തുറക്കില്ല
കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. നേമത്തുപോലും ജയിക്കില്ല. സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ഒരു അപസ്വരവും ഉണ്ടായില്ല. എത്രയോ വിസ്മയങ്ങളുണ്ടായി. സി.പി.എമ്മിലെ മുതിർന്ന നേതാക്കൾ പിന്നണിയിൽ പിന്തുണ നൽകുന്നുണ്ട്. നാല് സ്വതന്ത്രന്മാരുമായി ധാരണയുണ്ട്. ജയിച്ചാൽ അവർ യു.ഡി.എഫിനൊപ്പം നിൽക്കും.
യു.ഡി.എഫ് അധികാരത്തിൽ വന്ന് മൂന്നുമാസം കഴിഞ്ഞാൽ അഞ്ച് ഗ്യാരന്റികൾ നടപ്പാക്കും.
കെ.എസ്.ആർ.ടി.സിയെ സ്വയംപര്യാപ്തമാക്കും. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സബ്സിഡി നൽകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.