കളിച്ചുചിരിച്ചും രാഷ്ട്രീയം പറഞ്ഞും പിഷാരടി വോട്ടർമാർക്കിടയിൽ

Saturday 21 March 2026 12:11 AM IST

പാലക്കാട്: സ്വതസിദ്ധമായ ശൈലിയിൽ നർമം കൊണ്ടു മർമത്ത് കൊത്തിയാണ് മലയാള സിനിമയിലെ 'പഞ്ചവർണത്തത്ത'യായ രമേഷ് പിഷാരടി പാലക്കാട്ടെ വോട്ടർമാർക്കിടയിലേക്ക് പറന്നിറങ്ങുന്നത്. സിനിമാ തിരക്കുകളിൽ സജീവമാകുമ്പോഴും രാഷ്ട്രീയത്തിലെ എല്ലാ ചലനങ്ങളും നിരീക്ഷിച്ചയാളാണ്. നാട്യങ്ങളില്ലാത്ത സ്ഥാനാർത്ഥിയായ രമേഷ് പിഷാരടി മൂന്നുദിവസമായി പ്രചരണ തിരക്കിലാണ്.

''യു.ഡി.എഫിന് എന്നും പിന്തുണ നൽകുന്ന ജില്ലയാണ് പാലക്കാട്, ഇത്തവണയും അത് തന്നെ തുടരും. രണ്ട് മുഖ്യമന്ത്രിമാരെ നൽകിയ ജില്ലയാണിത്. പാലക്കാട് മെഡിക്കൽ കോളേജ് വരുന്നത് ഷാഫി പറമ്പിലിന്റെ സമയത്താണ്, അവിടം മുതലേ ജനങ്ങളുടെ പിന്തുണ യു.ഡി.എഫിന് മണ്ഡലത്തിലുണ്ട്. വർഗീയ ശക്തികളുടെ കുപ്രചരണങ്ങളെ അതിജീവിക്കുന്ന മതേതര മനസാണ് പാലക്കാടിന്റേത്.'' രമേഷ് പിഷാരടി പറഞ്ഞു.

ചെറിയ പെരുന്നാൾ ദിനമായ ഇന്നലെ, രാവിലെ മുതൽ ഈദ് ഗാഹുകളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു. പ്രമുഖരെയെല്ലാം കണ്ട് അനുഗ്രഹം വാങ്ങിയാണ് പ്രചാരണം തുടങ്ങിയത്. കാണാനെത്തുന്നവരെ ചേർത്തുപിടിച്ച് സെൽഫിയെടുത്തും കുശലം പറഞ്ഞും കളിചിരിയുമായൊക്കെയായാണ് പിഷാരടി കളം പിടിക്കുന്നത്. ഇടയ്ക്ക് ആരെങ്കിലും രാഷ്ട്രീയം പറഞ്ഞാൽ അളന്നുമുറിച്ചുള്ള കുറിക്കുകൊള്ളുന്ന മറുപടി ഉറപ്പാണ്.

അഭിനയം സിനിമയിൽ മാത്രമാണെന്നും ജീവിതത്തിലും രാഷ്ട്രീയത്തിലും അഭിനയിക്കാറില്ലെന്നും പിഷാരടി പറയുന്നു. രാഷ്ട്രീയക്കാരുടെ മുഖമുദ്ര ഗൗരവമാണെങ്കിലും തമാശ കൈവിടാൻ പിഷാരടി തയ്യാറല്ല. പ്രമുഖ സ്ഥാനാർഥികളെല്ലാം കളം പിടിച്ചതോടെ പാലക്കാട് മണ്ഡലം കേരളത്തിലെ ശ്രദ്ധേയമായ പോരാട്ടവേദിയായി.