സോഷ്യൽ മീഡിയ അക്കൗണ്ട് പത്രികയിൽ ഉൾപ്പെടുത്തണം, സ്ഥാനാർത്ഥികൾക്ക് തിര. കമ്മിഷൻ നിർദ്ദേശം, പരസ്യങ്ങളും മുൻകൂട്ടി അറിയിക്കണം

Saturday 21 March 2026 12:41 AM IST

തിരുവനന്തപുരം: നിയമസഭ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ സംബന്ധിച്ചും മുൻകൂട്ടി അറിയിക്കണം.

രാഷ്ട്രീയ പാർട്ടികളും സംഘടനകളും, അസോസിയേഷനുകളും അല്ലെങ്കിൽ സ്ഥാനാർത്ഥികളും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലെ (ടിവി, റേഡിയോ, പൊതുസ്ഥലങ്ങളിലെ എവി ഡിസ്‌പ്ലേകൾ, ഇപേപ്പറുകൾ, ബൾക്ക് എസ്.എം.എസ്/വോയിസ് മെസേജുകൾ) പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയിൽനിന്ന് മുൻകൂട്ടി സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കും ബാധകമാണ്.

വെബ്‌സൈറ്റുകൾ ഉൾപ്പെടെ ഇന്റർനെറ്റ് വഴിയുള്ള പ്രചാരണത്തിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് പൂർത്തിയായി 75 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ കമ്മിഷന് സമർപ്പിക്കണം. ഇന്റർനെറ്റ് കമ്പനികൾക്കും വെബ്‌സൈറ്റുകൾക്കും പരസ്യത്തിനായി നൽകുന്ന തുക, പ്രചാരണവുമായി ബന്ധപ്പെട്ട ഉള്ളടക്കം നിർമ്മിക്കുന്നതിനുള്ള ചെലവ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനച്ചെലവ് എന്നിവയും കണക്കിൽ ഉൾപ്പെടുത്തണം.

പെയ്ഡ് ന്യൂസിലും നടപടി

എം.സി.എം.സിയുടെ മുൻകൂർ സർട്ടിഫിക്കേഷൻ ഇല്ലാതെ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ ഉൾപ്പെടെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത മാദ്ധ്യമങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകാൻ പാടില്ല. പെയ്ഡ് ന്യൂസ് കേസുകളിൽ എം.സി.എം.സി കർശന ജാഗ്രത പുലർത്താനും ഉചിതമായ നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു.