ചാണ്ടി ഉമ്മന്റെ വെറൈറ്റി പ്രചാരണം

Saturday 21 March 2026 12:43 AM IST

കോട്ടയം: പുതുപ്പള്ളിയിൽ വേറിട്ട പ്രചാരണ രീതിയുമായി കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 'പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നതേയുള്ളൂ' എന്ന പഴശ്ശിരാജയിലെ മമ്മൂട്ടിയുടെ ഡയലോഗാണ് ചാണ്ടി ഉമ്മന്റെ ഈ പ്രചാരണ രീതികൾ കണ്ട് വോട്ടർമാർ പറയുന്നത്. സ്ത്രീവോട്ടർമാരെ കൈയിലെടുക്കാൻ ആശാ പ്രവർത്തകർക്കും ഹരിത സേനാംഗങ്ങൾക്കും സാരി വിതരണവും ജെൻസി വോട്ടർമാർക്കായി പുതുപ്പള്ളി മാരത്തോൺ,​പുതുപ്പള്ളി ഫെസ്റ്റും തുടങ്ങിയ പരിപാടിയിൽ പങ്കാളിയായും പാട്ടിനൊപ്പം ഡാൻസുചെയ്തും ഉമ്മൻ ചാണ്ടിയുടെ പ്രചാരണങ്ങളെ മകൻ മറികടക്കുന്ന കാഴ്ചയാണ്.

കൂടാതെ സാധാരണക്കാരുടെ വാഹനമായ സൈക്കിളിൽ പ്രചാരണം നടത്തുന്ന ഏക സ്ഥാനാർത്ഥിയെന്ന പട്ടവും ചാണ്ടി ഉമ്മന് സ്വന്തം. അതേസമയം,യുദ്ധഭീതിയിൽ വിലക്കയറ്റവും പാചകവാതകക്ഷാമവും അടക്കം ജനങ്ങളുടെ ദുരിതം കണക്കിലെടുത്താണ് പ്രചാരണങ്ങളിൽ ആർഭാടം ഒഴിവാക്കുന്നതെന്നാണ് ചാണ്ടി ഉമ്മന്റെ വാദം.

'ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് സൈക്കിൾ റാലി,ജനസമ്പർക്കയാത്ര തുടങ്ങി ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രചാരണമാണ് ലക്ഷ്യവയ്ക്കുന്നത്. ഫ്ലക്സുകളിലല്ല, ജനമനസുകളിലാണ് സ്ഥാനം ലഭിക്കേണ്ടത്. പോസ്റ്ററുകളുടെ ഉപയോഗം കുറച്ചും നോട്ടീസുകളും സോഷ്യൽ മീഡിയും ഉപയോഗിച്ചുള്ള പ്രചാരണത്തിനൊപ്പം ഡോർ ടു ഡോർ വീടു കയറിയുള്ള പ്രചാരണവും ഊർജ്ജിതമാക്കുന്നുണ്ട്-ചാണ്ടി ഉമ്മൻ പറഞ്ഞു.