തൃശൂരിലെ പ്രമുഖർ
കെ. രാജൻ (ഒല്ലൂർ,എൽ.ഡി.എഫ്)
രണ്ടാം പിണറായി സർക്കാരിലെ റവന്യു മന്ത്രി. സി.പി.ഐ ദേശീയ കൗൺസിൽ അംഗം. ബാലവേദി,വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ പാർട്ടിയിലേക്ക്. എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി,ദേശീയ സെക്രട്ടറി തുടങ്ങിയ പദവി വഹിച്ചു. സംസ്ഥാന യുവജന കമ്മിഷൻ അംഗമായി. 2016 മുതൽ ഒല്ലൂരിൽ നിന്നുള്ള എം.എൽ.എ. കേരള വർമ്മ കോളേജിൽ ബിരുദം,തിരുവനന്തപുരം ലാ അക്കാഡമിയിൽ നിയമബിരുദം. അന്തിക്കാട് പി. കൃഷ്ണൻകുട്ടി മേനോന്റെയും കെ.രമണിയുടെയും മകൻ. കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരി എൻ.അനുപമയാണ് ഭാര്യ.
ഡോ. ആർ. ബിന്ദു (ഇരിങ്ങാലക്കുട,എൽ.ഡി.എഫ്)
രണ്ടാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസമന്ത്രി. ഇരിങ്ങാലക്കുടയിൽ തുടർച്ചയായി രണ്ടാം മത്സരം. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവും. കേരളവർമ കോളേജ് പ്രിൻസിപ്പലായിരുന്നു. തൃശൂർ കോർപ്പറേഷന്റെ ആദ്യ വനിതാ മേയർ. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗമായി. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്ത്. സി.പിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനാണ് ജീവിതപങ്കാളി. മകൻ:എ. ഹരികൃഷ്ണൻ.
ടി.എൻ. പ്രതാപൻ (മണലൂർ,യു.ഡി.എഫ്)
എ.ഐ.സി.സി സെക്രട്ടറി. കെ.എസ്.യുവിലൂടെ പൊതുരംഗത്ത്. ഡി.സി.സി പ്രസിഡന്റ്,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി,സംസ്ഥാന,ദേശീയ എക്‌സിക്യൂട്ടീവ് അംഗം,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്,സെക്രട്ടറി,എക്‌സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രഥമ ദേശീയ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2001 മുതൽ 2011 വരെ നാട്ടിക എം.എൽ.എ. 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂർ എം.എൽ.എ. 2019 മുതൽ 2024 വരെ തൃശൂർ എം.പി. യു.കെ.രമയാണ് ഭാര്യ. മക്കൾ:ആഷിക്,ആൻസി.
എ.സി. മൊയ്തീൻ (കുന്നംകുളം,എൽ.ഡി.എഫ്)
ഒന്നാം പിണറായി സർക്കാരിൽ സഹകരണ മന്ത്രി. കുന്നംകുളത്ത് തുടർച്ചയായി മൂന്നാം മത്സരം. 2004ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ മന്ത്രി കെ. മുരളീധരനെ പരാജയപ്പെടുത്തി ശ്രദ്ധേയനായി. 2006ൽ ജയം ആവർത്തിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം. സി.പി.എം ജില്ലാ സെക്രട്ടറി. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്ത്. ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറിയായി. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ:ഉസൈബ ബീവി. മകൾ:ഡോ.ഷീബ.
പത്മജ വേണുഗോപാൽ (തൃശൂർ,എൻ.ഡി.എ)
കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകൾ. ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗം. 2004ൽ ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്ത്. മുകുന്ദപുരം സീറ്റിൽ നിന്ന് കോൺഗ്രസിനായി മത്സരിച്ചു. 2016ലും 2021ലും മത്സരിച്ചു. കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവും എ.ഐ.സി.സി അംഗവുമായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ്,ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. ഡി.സി.സി അദ്ധ്യക്ഷയുമായിരുന്നു. ഭർത്താവ്:ഡോ. വേണുഗോപാൽ. മക്കൾ:ഐശ്വര്യ,കരുൺ മേനോൻ
പ്രൊഫ. സി. രവീന്ദ്രനാഥ് (മണലൂർ, എൽ.ഡി.എഫ്)
2016ൽ പിണറായി വിജയൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി. ഇടവേളയ്ക്ക് ശേഷം വീണ്ടും തിരഞ്ഞെടുപ്പിന്. 2006ൽ കൊടകരയിൽ ആദ്യജയം. 2011,2016 വർഷങ്ങളിൽ പുതുക്കാട്ട് നിന്ന് വിജയം. തൃശൂർ സെന്റ് തോമസ് കോളേജ് റിട്ട. രസതന്ത്രം അദ്ധ്യാപകൻ. നിലവിൽ സി.പി.എം ജില്ലാകമ്മിറ്റി അംഗം. 1996ൽ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ജില്ലാ കൺവീനറായും ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാനായും പ്രവർത്തിച്ചു. സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ കൺസൾട്ടന്റായി. കിലയുടെ സ്ഥിരം ഫാക്കൽറ്റി. ഭാര്യ:എം.കെ.വിജയം. മക്കൾ:ഡോ. ലക്ഷ്മിദേവി,ജയകൃഷ്ണൻ.
ഒ.ജെ. ജനീഷ് (കൊടുങ്ങല്ലൂർ,യു.ഡി.എഫ്)
സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ്. കെ.എസ്.യുവിൽ പ്രവർത്തിച്ച് പൊതുരംഗത്തെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. പെരുമ്പാവൂർ ഗവ. പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ. 2019ൽ തൃശൂർ ഗവ. ലാ കോളേജിൽ നിന്ന് ബി.ബി.എ,എൽ.എൽ.ബി ബിരുദം. എന്റോൾ ചെയ്ത ശേഷം ചാലക്കുടിയിലെ അഭിഭാഷകൻ എം.കെ. റോയിയുടെ ജൂനിയറായി പ്രവർത്തിച്ചു. അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ഭാര്യ.
ആലങ്കോട് ലീലാകൃഷ്ണൻ (തൃശൂർ,എൽ.ഡി.എഫ്)
കവി,എഴുത്തുകാരൻ,പ്രഭാഷകൻ. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ്. വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ. എം.ഇ.എസ് പൊന്നാനി കോളേജിൽ നിന്ന് ബികോം ബിരുദം. കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥൻ. കഥാപ്രാസംഗികൻ. ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാളായ കെ. ബീനയാണ് ഭാര്യ. മക്കൾ:കവിത,വിനയ കൃഷ്ണൻ. മരുമകൻ:ശ്രീദേവ്.