യൂണിയൻ സമ്മേളനത്തിന് തമിഴ്നാട്ടിൽ പോയ 38 കോളേജ് അദ്ധ്യാപകർക്ക് 5 ദിവസം ഡ്യൂട്ടിലീവ്
Saturday 21 March 2026 1:09 AM IST
തിരുവനന്തപുരം: സർവകലാശാലാ, കോളേജ് അദ്ധ്യാപകരുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ അഖിലേന്ത്യാ സമ്മേളനത്തിനായി തമിഴ്നാട്ടിൽ പോയ 38 എയ്ഡഡ് കോളേജ് അദ്ധ്യാപകർക്ക് 5 ദിവസം ഡ്യൂട്ടിലീവ് അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. മധുരയിൽ ഫെബ്രുവരി 21മുതൽ 23 വരെയായിരുന്നു സമ്മേളനം. സമ്മേളനത്തിലെ ദേശീയ അക്കാഡമിക് സെമിനാറിൽ പങ്കെടുക്കാൻ പോയതിനാണ് ഡ്യൂട്ടി ലീവ് നൽകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കോളേജ് അദ്ധ്യാപകരുടെ ഇടത് സംഘടനയായ എ.കെ.പി.സി.ടി.എ ജനറൽ സെക്രട്ടറി സർക്കാരിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഡ്യൂട്ടി ലീവ് അനുവദിക്കുന്നതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുള്ളത്. യാത്രാസമയം കൂടി കണക്കിലെടുത്താണ് 5ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചത്.