ഡോക്‌ടർ വന്ദനാ ദാസിന്റെ കൊലപാതകം; പ്രതി സന്ദീപിന് ജീവപര്യന്തം വിധിച്ച് കോടതി

Saturday 21 March 2026 11:26 AM IST

കൊല്ലം: ഡോക്ടർ വന്ദനാ ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. 2023 മേയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സെഷൻസ് ജഡ്ജ് പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്.

കൊലപാതകത്തിന് ജീവപര്യന്തവും വധശ്രമത്തിന് 307-ാം വകുപ്പ് അനുസരിച്ച് 10 വർഷവും 326-ാം വകുപ്പ് അനുസരിച്ച് 10 വർഷവും ശിക്ഷ അനുഭവിക്കണം. ആശുപത്രിയിൽ അതിക്രമം കാട്ടിയതിന് അ‌ഞ്ച് വർഷം ശിക്ഷ ലഭിക്കും. 323, 324, 332, 333 വകുപ്പുകൾ ഉൾപ്പെടെ 30 വർഷം ശിക്ഷ അനുഭവിച്ചശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കൂവെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.

സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ട് നേരത്തെതന്നെ മെഡിക്കൽ ബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കൽ ആണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളുമാണ് സ്‌പെഷ്യൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ ആശുപത്രിയിൽ കൊല്ലപ്പെട്ട സംഭവമാണ് ഡോ. വന്ദനാ ദാസിന്റേത്. നെടുമ്പനയിലെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപാണ് (44) ഡോ.വന്ദനയെ (23) മദ്യലഹരിയിൽ കതിക്ര ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. 2023 മേയ് 10ന് പുലർച്ചെ 4.35ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. പുലർച്ചെ മൂന്നോടെ കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ അപകടത്തിൽപ്പെട്ടെന്നും രക്ഷിക്കണമെന്നും സന്ദീപ് അഭ്യർത്ഥിച്ചു.

പൊലീസ് എത്തിയപ്പോൾ കാലിൽ പരിക്കേറ്റ് അയൽവാസിയുടെ പറമ്പിൽ സന്ദീപ് നിൽക്കുകയായിരുന്നു.അയൽവാസികളെയും കൂട്ടി സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടർ മുറിവ് ഡ്രസ് ചെയ്യാൻ നിർദ്ദേശിച്ചു. ഒ പി ടിക്കറ്റുമായി സന്ദീപിനൊപ്പം ഡ്രസിംഗ് റൂമിലേക്ക് പോയ ഡോ. വന്ദന പിന്നീട് ഒബ്സർവേഷൻ റൂമിലേക്ക് പോയി. ഇതിനിടെ കാഷ്വാലിറ്റിയിൽ വച്ച് അക്രമാസക്തനായ സന്ദീപ് ഒപ്പമെത്തിയവരെ ആക്രമിച്ച ശേഷം ഒബ്സർവേഷൻ റൂമിലേക്ക് പാഞ്ഞെത്തി. ഡ്രസിംഗ് റൂമിൽ നിന്ന് കൈക്കലാക്കിയ കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ 27 തവണ കുത്തുകയായിരുന്നു. വന്ദനയുടെ നെഞ്ചിലും തലയിലും ആഴത്തിലുണ്ടായ മുറിവുകളായിരുന്ന മരണ കാരണം.