രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ വില; കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്, സുവർണാവസരം

Saturday 21 March 2026 11:31 AM IST

തിരുവനന്തപുരം: ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ സ്വർണ വില വീണ്ടും താഴേക്ക്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 275 രൂപ ഇടിഞ്ഞ് 13,380 രൂപയായി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 2200 രൂപ കുറഞ്ഞ് 1,07,040 രൂപയായി. ഇന്നലെ രാവിലെ കേരളത്തിൽ പവൻ വില 480 രൂപ ഉയർന്ന് 1,10,680 രൂപയിലെത്തിയിരുന്നു.

എന്നാൽ വൈകുന്നേരം രാജ്യാന്തര വിപണിയിലുണ്ടായ മാറ്റം കണക്കിലെടുത്ത് പവൻ വില 1440 രൂപ കുറഞ്ഞ് 1,09,240 രൂപയിൽ എത്തി. പിന്നാലെ ഇന്ന് രാവിലെ വീണ്ടും വില ഇടിയുകയായിരുന്നു. ഫെബ്രുവരിയിലെ നിരക്കിനേക്കാൾ കുറഞ്ഞവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് വിലത്തകർച്ചയുടെ തീവ്രത കുറച്ചത്. അടുത്ത വാരവും സ്വർണ വില താഴേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്. ഇന്നലെ തുടക്കത്തിൽ ഔൺസിന് 4650 ഡോളറിന് മുകളിലെത്തിയ രാജ്യാന്തര സ്വർണ വില വ്യാപാരാന്ത്യത്തിൽ 4,500 ഡോളറിലേക്ക് മൂക്കുകുത്തി. ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ വൻകിട നിക്ഷേപകരും ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണം വിറ്റുമാറി.

ജനുവരി 29നാണ് ഈ വർഷത്തെ ഏറ്റവും വലിയ സ്വർണവില രേഖപ്പെടുത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വില ഇനിയും താഴാൻ സാദ്ധ്യതയുണ്ടോ എന്നാണ് ജുവലറി ഉടമകളും നിക്ഷേപകരും ഉറ്റുനോക്കുന്നത്. അന്താരാഷ്‌ട്ര സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും വരും ദിവസങ്ങളിൽ സ്വർണവില.