കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങള്‍ പട്ടികയില്‍; 15 ഇന്ത്യന്‍ പട്ടണങ്ങളില്‍ അപകട സാദ്ധ്യത കൂടുതല്‍

Saturday 21 March 2026 9:28 PM IST

ലോകത്താകമാനമുള്ള കാലാവസ്ഥയില്‍ വലിയ വ്യതിയാനമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ താപനിലയില്‍ വലിയ വര്‍ദ്ധനവ് വന്നിട്ടുള്ളതായി മനസ്സിലാക്കാന്‍ കഴിയും. ഒരു ദശകത്തിനിടെ 0.35 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനിലയില്‍ ആഗോളതലത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ്. ഇക്കാരണത്താല്‍ സമുദ്രനിരപ്പും ഉയരുന്നുണ്ട്, സമുദ്രനിരപ്പ് വര്‍ദ്ധിക്കുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനം വലിയ അപകടത്തിലേക്ക് നയിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

2009-2025 കാലഘട്ടത്തിനിടയില്‍ നടത്തിയ 385 ശാസ്ത്രീയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സമുദ്രനിരപ്പില്‍ 30 സെന്റിമീറ്റര്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് സൂചന. തെക്കുകിഴക്കന്‍ ഏഷ്യയിലും ഇന്തോ - പസഫിക് മേഖലയില്‍ പ്രതീക്ഷിച്ചതിലും കൂടുതലാണ് സമുദ്രനിരപ്പെന്നാണ് പഠനം. ഇത് ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടുന്നതിന് കാരണമാകുമെന്നും വലിയ നാശം വിതയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലിനീകരണ തോതില്‍ ഉണ്ടാകുന്ന വര്‍ദ്ധനവാണ് താപനില ഉയരുന്നതിനും തുടര്‍ന്ന് സമുദ്രനിരപ്പ് വര്‍ദ്ധിക്കുന്നതിലേക്കും എത്തിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടത്. ലോകമെമ്പാടുമുള്ള സമുദ്രനിരപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ഡാറ്റ നല്‍കുന്നു. നാസയും അതിന്റെ പങ്കാളികളും 30 വര്‍ഷത്തിലേറെയായി സമുദ്രനിരപ്പ് നിരീക്ഷിക്കാന്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യ, ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരമാകാനാണ് സാദ്ധ്യത. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ രാജ്യങ്ങളിലെ നിരവധി നഗരങ്ങള്‍ അപകടസാദ്ധ്യതയിലാണ്. കോടിക്കണക്കിന് ആളുകള്‍ക്ക് ഇവിടങ്ങളില്‍ നിന്ന് മാറിത്താമസിക്കേണ്ടതായി വരുമെന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശില്‍ 3.2 കോടി ആളുകളും ഇന്ത്യയില്‍ 2.7 കോടി ആളുകളും തീരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. 2100-ന് മുമ്പ് ഏകദേശം 7.2 കോടി ആളുകള്‍ക്ക് വീട് വിട്ട് മറ്റിടങ്ങളിലേക്ക് പോകേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.

കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെട്ടിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളാണ് കേരളത്തില്‍ നിന്നുള്ളത്. മുംബയ്, ചെന്നൈ, വിശാഖപട്ടണം, ഗോവ, കന്യാകുമാരി, പുരി, മംഗലാപുരം, ദാമന്‍ ദിയു, അലിബാഗ്, സൂറത്ത്, ദ്വാരക എന്നിവയാണ് മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. തീരദേശത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നുവെന്നതാണ് ഇൗ നഗരങ്ങളില്‍ സ്ഥിതി അപകടത്തിലാക്കുന്നത്.