ആരോഗ്യം വീണ്ടെടുത്ത് മഹാസമാധിയിലെ മുത്തശിപ്ലാവ്

Sunday 22 March 2026 12:33 AM IST

ശിവഗിരി : മഹാസമാധി മന്ദിരത്തോടു ചേർന്നു നിൽക്കുന്ന മുത്തശിപ്ലാവ് ആരോഗ്യം വീണ്ടെടുത്തു തുടങ്ങി. ഗുരുദേവന്റെ കരസ്പർശമേറ്റ പ്ലാവിന് സുഖചികിത്സ നൽകിയിട്ട് ഇന്ന് 50 ദിവസമാകുന്നു. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു 122 വർഷം പഴക്കമുള്ള പ്ലാവിന് ചികിത്സ നടത്തിയത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്ലാവിന് മരുന്ന് പുരട്ടിയായിരുന്നു ചികിത്സയ്ക്ക് തുടക്കം കുറിച്ചത്. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ട്രഷറർ സ്വാമി ശാരദാനന്ദയും മറ്റു സന്യാസി ശ്രേഷ്ഠരും നിത്യേനയെന്നോണം പുരോഗതി നിരീക്ഷിച്ചുപോരുന്നു. ബിനുവൈദ്യരുടെ നിർദ്ദേശാനുസരണം, തികഞ്ഞ ഗുരുദേവ ഭക്തനും കരുനാഗപ്പള്ളി സ്വദേശിയുമായ എസ്. അജയകുമാർ തുടർപരിചരണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. പശുവിൻപാൽ, എള്ള്, ചെറുതേൻ, കദളിപ്പഴം, ശർക്കര തുടങ്ങി ഇരുപതോളം ചേരുവകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഔഷധക്കൂട്ടാണ് ചികിത്സയ്ക്കായി ഉപയോഗിച്ചത്. ആരോഗ്യം വീണ്ടെടുത്തു നിലകൊള്ളുന്ന പ്ലാവിൽ ധാരാളം ചക്കയും ഉണ്ടായിട്ടുണ്ട്.