യു.എൻ.ഐ ഓഫീസ് ഒഴിപ്പിച്ചതിനെതിരെ എം. എ. ബേബി

Sunday 22 March 2026 12:42 AM IST

ന്യൂഡൽഹി: പ്രമുഖ വാർത്താ ഏജൻസിയായ യു.എൻ.ഐയുടെ ഡൽഹി റാഫി മാർഗിലെ ഓഫീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിനെ അപലപിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ഡൽഹി പൊലീസും കേന്ദ്രസേനയും യുണൈറ്റ് ന്യൂസ് ഓഫ് ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തകരെ കൈകാര്യം ചെയ്‌‌ത രീതി ഞെട്ടിക്കുന്നതാണ്. നോട്ടീസ് പോലും നൽകാതെയുള്ള നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല.

കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും പൊലീസ് നടപടിയെ വിമർശിച്ചു. വെള്ളിയാഴ്ച രാത്രിയാണ് താത്കാലിക ഓഫീസ് ഒഴിപ്പിച്ചത്. സ്ഥിരം കെട്ടിടം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്‌തത കാരണം സാധിച്ചിരുന്നില്ല. അലോട്ട് ചെയ്‌ത ഭൂമി തിരികെ ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിന്റെ ലാൻഡ് ഡെവലപ്പ്മെന്റ് ഓഫീസ് തീരുമാനിച്ചപ്പോൾ യു.എൻ.ഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. ഇതോടെ സ്ഥലമൊഴിപ്പിച്ച് സീൽ ചെയ്യുകയായിരുന്നു.