മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പര്യടനം തിങ്കളാഴ്ച മുതൽ, തുടക്കം പത്തനംതിട്ടയിൽ
തിരുവനന്തപുരം : എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ചമുതൽ ജില്ലകളിൽ പര്യടനം നടത്തും. ഏപ്രിൽ മൂന്നു വരെയുള്ള ദിവസങ്ങളിലായി 48 കേന്ദ്രങ്ങളിൽ പ്രസംഗിക്കും. സി.പി.എം നേതാക്കളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, വിജൂ കൃഷ്ണൻ, മറിയം ധാവ്‌ളെ, സുഭാഷിണി അലി തുടങ്ങിയവരും വിവിധയിടങ്ങളിൽ പൊതുയോഗങ്ങളിൽ സംസാരിക്കും.
മുഖ്യമന്ത്രിയുടെ പര്യടനത്തിന് തിങ്കളാഴ്ച പത്തനംതിട്ടയിലാണ് തുടക്കം. ദിവസം നാലു കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. 24ന് ഇടുക്കി, 25ന് കോട്ടയം, 26ന് എറണാകുളം, 27ന് തൃശൂർ, 28ന് പാലക്കാട്, 29ന് മലപ്പുറം, 30ന് കൊല്ലം, 31ന് തിരുവനന്തപുരം, ഏപ്രിൽ ഒന്നിന് ആലപ്പുഴ, രണ്ടിന് കോഴിക്കോട്, മൂന്നിന് കണ്ണൂർ എന്നിങ്ങനെയാണ് പര്യടനം.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി 28ന് കണ്ണൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തും. 29ന് കാസർകോട്, 30ന് കോഴിക്കോട്, 31ന് വയനാട്, ഏപ്രിൽ ഒന്നിന് മലപ്പുറം, രണ്ടിന് തൃശൂർ, മൂന്നിന് എറണാകുളം, നാലിന് കോട്ടയം, അഞ്ചിന് തിരുവനന്തപുരം, ആറിനും ഏഴിനും കൊല്ലം എന്നിങ്ങനെയാണ് പര്യടനം തീരുമാനിച്ചിരിക്കുന്നത്.