എൻ.സി.പി എൻ.ഡി.എയിലേക്ക്

Sunday 22 March 2026 1:57 AM IST

കൊച്ചി: കേരളത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എൻ.ഡി.എയുമായി സഹകരിക്കാൻ തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം. എൻ.ഡി.എയുമായി സഹകരിക്കാൻ വിസമ്മതിച്ച മുൻ സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി (മമ്മുട്ടി) പാർട്ടി പദവികൾ രാജിവെച്ചതിനെ തുടർന്ന് ഡോ. സജി പോത്തൻ തോമസിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു.

ദേശീയതലത്തിൽ എൻ.സി.പി എൻ.ഡി.എ ഘടകകക്ഷിയാണെങ്കിലും കേരളത്തിൽ മുൻ പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി ഇതിനെ എതിർത്തിരുന്നു. തുടർന്ന് പദവികൾ രാജിവെച്ച അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചിരുന്നു.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. സജി പോത്തൻ തോമസ്, ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പർ പന്തളം മോഹൻദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സൈയ്ഫുദ്ധീൻ, സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജനറൽ സെക്രട്ടറിയുമായ എം.എം. ഷാജി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയൻ അടൂർ എന്നിവർ പങ്കെടുത്തു.