പോക്‌സോ കേസിൽ മുപ്പത്തിമൂന്നര  വർഷം തടവും 1.76 ലക്ഷം പിഴയും ശിക്ഷ

Sunday 22 March 2026 2:02 AM IST

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് മുപ്പത്തിമൂന്നര വർഷം തടവും, 1,76,500 രൂപ പിഴയും ശിക്ഷ. വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ റിൻസൺ മാത്യു (37) വിനെയാണ് പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി ജഡ്ജ് മഞ്ജിത്ത്.ടി ശിക്ഷിച്ചത്. 2019 മാർച്ചിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രളയത്തെ തുടർന്ന് വീടിന് പിന്നിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റുന്നതിന് വേണ്ടി ജെ.സി.ബി യുമായി ചെന്ന പ്രതി പരിചയപ്പെട്ട ശേഷം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. റാന്നി പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി.