എന്റെ മകൾ ഉണ്ടായിരുന്നെങ്കിൽ...

Sunday 22 March 2026 12:36 AM IST
ഡോ. വന്ദനാദാസ്

കൊല്ലം: 'എന്റെ മകൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ അവൾക്കൊരു കുഞ്ഞുണ്ടാകുമായിരുന്നു. അവൾ അമ്മയും ഞാൻ അമ്മൂമ്മയുമായേനെ. ഇങ്ങനെ എന്നും കരയാതെ പേരക്കുട്ടിയെ താലോലിച്ച് ഞാൻ നടന്നേനെ''. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട ഹൗസ് സർജനായ ഡോ. വന്ദനാദാസിന്റെ മാതാവ് വസന്തകുമാരി കൊഴിഞ്ഞുപോയ സ്വപ്നങ്ങൾ ഓർത്ത് വിതുമ്പിപ്പറഞ്ഞു.

''ആ സമയത്ത് അവളുടെ കല്യാണ അലോചന നടക്കുകയായിരുന്നു. ഐ.പി.എസുകാരും ഡോക്ടർമാരുമൊക്കെ വന്നു കണ്ടു. ആ ഡിസംബറിൽ കല്യാണം നടത്താനായിരുന്നു ആലോചന. കുഞ്ഞുങ്ങളോട് അവൾക്ക് വലിയ സ്നേഹമായിരുന്നു.'' വസന്തകുമാരി മകളുടെ സ്വപ്നങ്ങളിലേക്ക് സഞ്ചരിച്ചു.

ഡോ. വന്ദനാദാസ് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം ടി.വിയിൽ അട്ടപ്പാടിയിലെ ശിശുമരണത്തിന്റെ വാർത്ത കേട്ടു. അന്നവൾ അച്ഛനോട് പറഞ്ഞു. 'ഞാൻ എം.ബി.ബി.എസ് എടുത്ത ശേഷം അച്ഛൻ അട്ടപ്പാടിയിൽ എനിക്കൊരു ക്ലിനിക്കിട്ടുതരണം. ഞാൻ അവിടെ പോയി പാവപ്പെട്ട അമ്മമാരെയും കുഞ്ഞുങ്ങളെയും ചികിത്സിക്കും.' എം.ബി.ബി.എസ് പഠനത്തിനിടയിലും ഡോ. വന്ദനാദാസ് അച്ഛനോട് പണ്ട് പറഞ്ഞത് മറന്നില്ല.

എം.ബി.ബി.എസ് അവസാനവർഷ ക്ലാസിനിടയിൽ പീഡിയാട്രിക്സിൽ പി.ജിയെടുക്കാൻ എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എം.ബി.ബി.എസ് കോഴ്സിന്റെ അവസാനഘട്ടമായ ഹൗസ് സർജൻസിക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് 2023 മേയ് 10ന് പുലർച്ചെയാണ് ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടത്.

ഡോ. വന്ദനാദാസ് മെമ്മോറിയൽ ഹോസ്പിറ്റൽ

വന്ദനയുടെ അമ്മവീട് തൃക്കുന്നപ്പുഴയിൽ പല്ലനയാറിന്റെ തീരത്തുള്ള ഗ്രാമത്തിലാണ്. അവിടെ വിശേഷങ്ങൾക്ക് വന്ദന ചെല്ലുമ്പോൾ അവിടുത്തെ പാവങ്ങളെല്ലാം ചുറ്റുകൂടും. ഞാൻ പഠിച്ച് ഡോക്ടറാകുമ്പോൾ കൂട്ടുകാരുമായി വന്ന് നിങ്ങളെയെല്ലാം ചികിത്സിക്കുമെന്ന് വന്ദന പറയുമായിരുന്നു. വന്ദനയെ നഷ്ടപ്പെട്ടെങ്കിലും അവളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ അച്ഛൻ കെ.ജി.മോഹൻദാസ് തയ്യാറായില്ല. വന്ദനയുടെ സ്വപ്നം പോലെ തൃക്കുന്നപ്പുഴയിലെ പാവങ്ങൾക്കായി ഡോ. വന്ദനാദാസ് മെമ്മോറിയൽ ഹോസ്പിറ്റൽ തുടങ്ങി. ഏതാനും മാസം മുമ്പ് വന്ദനയുടെ ജന്മനാടായ കോട്ടയം കടുത്തുരുത്തി മധുരവേലിയിൽ ഡോ. വന്ദനാദാസ് ഹോസ്പിറ്റലും ആരംഭിച്ചു. അവിടെ ഇപ്പോൾ രണ്ട് സ്ഥിരം ഡോക്ടർമാർക്ക് പുറമേ വിസിറ്റിംഗ് കൺസൾട്ടന്റുമാരുമുണ്ട്. കൂടുതൽ ഡോക്ടർമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും നിയോഗിച്ച് ആശുപത്രി 24 മണിക്കൂറും പ്രവർത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വന്ദനയുടെ അച്ഛൻ.