ഇനി ഫിക്ഷൻ മാത്രമേ എഴുതൂയെന്ന് നരവനെ

Sunday 22 March 2026 12:36 AM IST

ന്യൂഡൽഹി: ഇനിയും പ്രസിദ്ധീകരിക്കാത്ത സേനയുമായി ബന്ധപ്പെട്ട ആത്മകഥ പാർലമെന്റിലും പുറത്തും ഏറെ ചർച്ചയായെങ്കിലും ഇനി ഫിക്ഷൻ മാത്രമേ എഴുതൂയെന്ന നിലപാടിൽ കരസേനാ മുൻ മേധാവി ജനറൽ എം.എം.നരവനെ. സേനയെ സംബന്ധിച്ച റിപ്പോർട്ടുകളും, അക്കാഡമിക് ലേഖനങ്ങളും അടക്കം എഴുതിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഫിക്ഷൻ രചനയിലാണ് താൽപര്യമെന്ന് നരവനെ പറഞ്ഞു. പുനെയിൽ, 'ദ കന്റോൺമെന്റ് കൻസ്‌പിറൻസി : എ മിലിട്ടറി ത്രില്ലർ' എന്ന തന്റെ പുതിയ നോവലിന്റെ പുസ്‌തകം വായനക്കാർക്ക് ഒപ്പിട്ടു നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ഡിഫൻസ് അക്കാഡമിയിൽ നിന്നുള്ള രണ്ട് യുവ സൈനിക ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയുള്ള കൊലപാതക കഥയാണ് ഇതിവൃത്തമെന്ന് നരവനെ പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയായ 'ഫോർ സ്റ്റാഴ്സ് ഒഫ് ഡെസ്റ്റിനി" ഉയർത്തിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ മോദി സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ കേന്ദ്രസർക്കാർ ദുർബലമായ നിലപാടാണ് സ്വീകരിച്ചുവെന്ന് സ്ഥാപിക്കാൻ ഈ പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചത് വലിയ വിവാദമായി. എന്നാൽ വിവാദങ്ങളോട് കരസേനാ മുൻ മേധാവി പ്രതികരിച്ചില്ല. അന്തരിച്ച ജനറൽ ബിപിൻ റാവത്തിനെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ പ്രസിദ്ധീകരണ കമ്പനിയുമായി നടത്തിയ തമാശരൂപേണയുള്ള സംഭാഷണമാണ് ആത്മകഥ എഴുതുന്നതിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.