സൂര്യനും ജനവും ചൂടിൽ: വിയർത്ത് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: രാവിലെ പത്താകുമ്പോഴേക്കും പരമാവധി വോട്ടർമാരെ കണ്ട് വണങ്ങി വോട്ടു ചോദിക്കണം. അതു കഴിഞ്ഞാൽ പാടാണ്. മുകളിൽ സൂര്യൻ 'കട്ടവേവി"ലാണ്. വിയർത്തു കുളിച്ചും തോർത്തെടുത്തു വീശിയുമൊക്കെയാണ് സ്ഥാനാർത്ഥികൾ ഓടി നടന്ന് വോട്ടു പിടിക്കുന്നത്. 36 ഡിഗ്രിയാണ് ചൂട്.
ജനത്തിന്റെ ചൂടും ചിലപ്പോൾ അനുഭവിക്കേണ്ടിവരുന്നു. റോഡിന് എം.എൽ.എ ഫണ്ട് അനുവദിച്ചില്ല. പൈപ്പ് ലൈൻ മാത്രമേ ഉള്ളൂ, വെള്ളമില്ല തുടങ്ങിയ പരാതികൾ മാത്രമല്ല, അപ്പുറത്തെ മണ്ഡലത്തിൽ എം.എൽ.എ എന്തെല്ലാം നല്ലകാര്യങ്ങൾ ചെയ്‌തുവെന്ന ഓർമ്മപ്പെടുത്തലും ഉണ്ടാവും.
രാവിലെ പതിനൊന്നോടെ റോഡ് ഷോ ഉൾപ്പെടെ എല്ലാ പ്രചാരണത്തിനും സ്ഥാനാർത്ഥികൾ ഇടവേള നൽകും. പിന്നെ വൈകിട്ടു മൂന്നു കഴിഞ്ഞേ ഉള്ളൂ. വോട്ടു തേടിയിറങ്ങി കുറച്ചു കഴിയുമ്പോൾ തന്നെ വെള്ളം കുടിച്ചു കുടിച്ച് പോകണം. ഇടയ്ക്കിടയ്ക്ക് തണ്ണിമത്തൻ കിട്ടിയാൽ സന്തോഷം. ഇതെല്ലാം വാഹനങ്ങളിൽ കരുതിയാണ് ചില സ്ഥാനാർത്ഥികളുടെ യാത്ര. പഴയതുപോലെ ചായകുടി നടക്കില്ല. ചായയ്ക്ക് ചൂടായതു കൊണ്ടല്ല. മിക്ക ചായക്കടയും പൂട്ടി. എൽ.പി.ജി സിലിണ്ടർ കിട്ടാനില്ല.
ഏപ്രിലിൽ ചൂട് 40ൽ എത്താം
ശരാശരി താപനില 36 ഡിഗ്രി യിൽ എത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപിലിൽ ചൂട് 40 ഡിഗ്രി എത്തിയേക്കാം.