കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

Sunday 22 March 2026 12:07 AM IST

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിലെ അശ്വതി കാവ് തീണ്ടലിനുള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതിനിടെ, അവശനായ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാൻ കെ.കുഞ്ഞുണ്ണി രാജ (94) അന്തരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

അശ്വതി കാവ് തീണ്ടുന്നതിനുള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ കോട്ട കോവിലകത്ത് നിന്ന് തമ്പുരാനെ പല്ലക്കിലേറ്റി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ക്ഷീണിതനായത്. ഉടൻ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുണ്ടനാട് നാരായണൻ നമ്പൂതിരിയുടെയും, പുത്തൻ കോവിലകത്തെ കുഞ്ചുകുട്ടി തമ്പുരാട്ടിയുടെയും മകനാണ്. കൊടുങ്ങല്ലൂർ വലിയ തമ്പുരാനായിരുന്ന കെ.രാമവർമ്മരാജയുടെ മരണശേഷമാണ് 2020 ഡിസംബറിൽ കുഞ്ഞുണ്ണി രാജ വലിയ തമ്പുരാനായി സ്ഥാനമേറ്റത്. കാഷ്യു നട്ട് പ്രൊമോഷൻ കൗൺസിലിൽ ഓഡിറ്റ് ഓഫീസറായിരുന്നു ഭാര്യ: ഹൈമവതി തമ്പുരാൻ. മക്കൾ: രഘുരാജ , നന്ദിനി വർമ്മ. മരുമക്കൾ: രാജൻ വർമ്മ, പരേതയായ സിന്ധു രാജ. സംസ്‌കാരം ഞായർ രാവിലെ 11ന് കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്തെ ശ്മശാനത്തിൽ നടക്കും.