കൊടുങ്ങല്ലൂരിൽ അശ്വതി കാവുതീണ്ടൽ ഭക്തിസാന്ദ്രം

Sunday 22 March 2026 12:19 AM IST

കൊടുങ്ങല്ലൂർക്കാവിൽ നടന്ന അശ്വതി കാവുതീണ്ടൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിൽ പതിനായിരങ്ങൾ അശ്വതി കാവുതീണ്ടി. കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടാൻ കോമരങ്ങളും വിശ്വാസികളുമടങ്ങുന്ന വൻ ജനസഞ്ചയമാണെത്തിയത്. ഉച്ചയോടെ നൂറുകണക്കിന് പേരടങ്ങുന്ന സംഘങ്ങൾ കൊടിക്കൂറകളും പട്ടുക്കുടകളുമായി കാവിലേക്ക് പ്രവേശിച്ചു. അവകാശത്തറകൾ ജനങ്ങളാൽ നിറഞ്ഞു. ആദി ദ്രാവിഡ തനിമയും ഗോത്ര സംസ്‌കൃതിയും ഒത്തുചേർന്ന ഭരണിയുത്സവത്തിന്റെ ഭാഗമായുള്ള കാവുതീണ്ടലിന് മുന്നോടിയായുള്ള തൃച്ചന്ദനച്ചാർത്ത് 12ന് ആരംഭിച്ചു. കുന്നത്ത്, നീലത്ത്, മഠത്തിൽ മഠങ്ങളിൽ നിന്നുള്ള അടികൾമാരാണ് തൃച്ചന്ദനച്ചാർത്ത് നടത്തിയത്. ക്ഷേത്ര വാതിലുകൾ കൊട്ടിയടച്ച് നടത്തുന്ന പൂജ അവസാനിക്കുന്നതുവരെ ഇളയ തമ്പുരാൻ ഗോദവർമ്മ തമ്പുരാൻ ക്ഷേത്രത്തിന് കാവിലിരുന്നു. പൂജ അവസാനിപ്പിച്ച് അടികൾമാർ പോയശേഷം തമ്പുരാൻ കിഴക്കേനടയിലെ നിലപാടുതറയിലെത്തി ഉപവിഷ്ടനായി. തുടർന്ന് കാവുതീണ്ടാൻ തമ്പുരാൻ അനുമതി നൽകി. കോയ്മ ചുവന്ന പട്ടുക്കുട നിവർത്തിയതോടെ ആദ്യം കാവുതീണ്ടാൻ അധികാരമുള്ള പാലക്കേവേലൻ കുതിച്ചു. പിന്നാലെ കോമരങ്ങളും ഭക്തരും ക്ഷേത്രത്തിന്റെ ചെമ്പോലകളിൽ മുളവടികളാൽ ആഞ്ഞടിച്ച് മൂന്നുവട്ടം ക്ഷേത്രം വലംവച്ച് കാവുതീണ്ടി. തുടർന്ന് കുതിരകളി, കാളകളി, മുടിയേറ്റ്, മുടിയാട്ടം, തെയ്യം, ചെണ്ടമേളം ക്ഷേത്രമുറ്റത്ത് അരങ്ങേറി.