തീപിടിച്ച വൈക്കോൽ കെട്ടുമായി ദേശീയ പാതയിലൂടെ പാഞ്ഞ് ലോറി: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Sunday 22 March 2026 1:22 AM IST

ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന വൈക്കോൽ ലോറിയിൽ അഗ്‌നിബാധ. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകൾ ഒന്നരമണിക്കൂറിൽ തീയണച്ചു. ആളപായമില്ല. ഇന്നലെ വൈകിട്ട് മൂന്നരയോടെ ചാലക്കുടിപ്പുഴയ്ക്ക് സമീപം മുരിങ്ങൂരിലായിരുന്നു ലോറിയിലെ വൈക്കോൽ കൂമ്പാരത്തിന് തീപിടിച്ച വിവരം ഡ്രൈവർ അറിഞ്ഞത്. അപകടം കുറഞ്ഞ സ്ഥലത്തെത്തിച്ചാണ് ഡ്രൈവർ ലോറി നിറുത്തി തീയണച്ചത്. സംഭവം നടക്കുന്നതിനിടെ തൃശൂർ എറണാകുളം ദിശയിൽ വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു.

മാളയിൽ വൈക്കോൽ ഇറക്കിയ ശേഷം ചാലക്കുടിയിലേക്ക് വന്നതായിരുന്നു ലോറി. തീ പിടിച്ച വൈക്കോൽ ലോറി റോഡരികിൽ നിറുത്താൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതേതുടർന്ന് ദേശീയപാതയിലേക്ക് കയറിയ ലോറി ചാലക്കുടി പാലം കടന്ന് സൗത്ത് ജംഗ്ഷനിലെ മേൽപ്പാലത്തിന് സമീപമെത്തി. വീണ്ടും സർവീസ് റോഡ് കൂടി ദേശീയപാതയുടെ എറണാകുളം ദിശയിലേക്ക് കയറി. ഇതിനകം നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി അഗ്‌നിശമന യൂണിറ്റ് സംഭവസ്ഥലത്തെത്തി. കനത്ത വെയിലായതിനാൽ വൈക്കോൽക്കെട്ടുകൾ പെട്ടെന്ന് ആളിക്കത്തി. ഇതിനിടെ അങ്കമാലി, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നും അഗ്‌നിശമന സംഘങ്ങളെത്തി. ഏറെ പ്രയത്‌നിച്ച ശേഷമാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്. കൊരട്ടി, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.