വീട്ടിൽ ഈ മരങ്ങളുണ്ടോ,​ നിങ്ങൾക്കും സമ്പാദിക്കാം ലക്ഷങ്ങൾ, 5000 രൂപ വരെ വില

Sunday 22 March 2026 3:21 AM IST

തൊടുപുഴ: പാചകവാതക സിലിണ്ടറുകൾക്ക് ക്ഷാമം നേരിട്ട് തുടങ്ങിയതോടെ വിറകിന് വൻ ഡിമാൻഡ്. വിറക് കിട്ടാനില്ലാത്തതിന് പുറമെ ആവശ്യക്കാരേറിയതോടെ വിലയും വർദ്ധിച്ച് തുടങ്ങി. ഒരാഴ്ചയ്ക്കിടയിൽ ഒരു ടൺ വിറകിന് 1,000 രൂപ മുതൽ 2,000 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്.

അവസരം മുതലെടുത്ത് ചെറുകിടകച്ചവടക്കാരാണ് വില ഇരട്ടിയാക്കിയിരിക്കുന്നത്, ചിലർ തങ്ങൾക്ക് തോന്നുന്ന വില പറഞ്ഞും പരമാവധി മുതലെടുക്കാനായും ശ്രമമുണ്ട്. നിലവിൽ പലയിടങ്ങളിലും ടണ്ണിന് 3000 - 3500 രൂപയാണ് വില. നാട്ടിൻപുറങ്ങളിലെ കച്ചവടക്കാരിൽ നിന്ന് ശേഖരിക്കുന്ന വിലയാണിത്. ഉണക്കി വിറകാക്കി കൊടുക്കുമ്പോൾ ഇത് 5000 രൂപയ്ക്ക് മുകളിലാകും. പാചകവാതകം ലഭിക്കാതായതോടെ ഹോട്ടലുകളും ബേക്കറികളും മത്രമല്ല പല വീടുകളും വലിയ തോതിൽ വിറകിലേക്ക് മാറിയിട്ടുണ്ട്.

ഗ്യാസേ വിട, വിറകടുപ്പ് ശരണം

ആവശ്യക്കാർ ഏറിയതോടെ വിറക് വിൽപ്പന ശാലകളിൽ കടുത്ത ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. തടിമില്ലുകളിൽ നിന്ന് വിറക് ശേഖരിക്കാൻ ആളുകളുടെ പിടിവലിയാണ്. പലയിടത്തും സ്റ്റോക്ക് ഇതിനോടകം തീർന്നിട്ടുണ്ട്. നാട്ടിൻ പുറങ്ങളിൽ നിന്നാണ് വിറകുകൾ വിൽപ്പനയ്ക്കായി എത്തുന്നത്. മാവ്, കശുമാവ്, മഞ്ചാടി, ബദാം തുടങ്ങിയ പാഴ് മരങ്ങളാണ് വിറകിന് ഉപയോഗിക്കുന്നത്. അറക്കപ്പൊടി, വിറക് കട്ടകൾ എന്നിവയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. പ്ലൈവുഡ് കമ്പനികൾ വലിയ തോതിൽ വിറകുകൾ വാങ്ങുന്നതിനാൽ ചെറുകിട കച്ചവടക്കാർക്ക് വിറക് കിട്ടാൻ പ്രയാസമാണെന്നാണ് കച്ചവടക്കാർ പറയുന്നത്.

അറക്കപ്പൊടിക്കും വില

തടിമില്ലുകളിൽ ആർക്കും വേണ്ടാതെ കിടന്നിരുന്ന അറക്കപ്പൊടിക്കും ഇപ്പോൾ വലിയ ഡിമാൻഡാണ്. ടണ്ണിന് 2,500- 3000വരെയാണ് ഈടാക്കുന്നത്. മുമ്പ് ചാക്കിൽ നിറച്ച് ആവശ്യക്കാർക്ക് തുച്ഛമായ വിലയ്ക്ക് നൽകിയിരുന്ന സാധനങ്ങളാണ് ഇപ്പോൾ പറയുന്ന വിലയ്ക്ക് വിൽക്കാൻ തുടങ്ങിയിരിക്കുന്നത്.

വിറക് വില ടണ്ണിൽ ( പച്ച - ഉണക്ക ക്രമത്തിൽ )

റബർ: 3750- 5750

ആഞ്ഞിലി: 3500 - 5000

പാഴ്മരങ്ങൾ: 3000 - 4000