'സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ പങ്കുവച്ചതിന് നേതാക്കൾ ഭീഷണിപ്പെടുത്തി'; മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ

Sunday 22 March 2026 8:18 AM IST

പാലക്കാട്: മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്‌മി ബിജെപിയിൽ ചേർന്നു. ഷൊർണൂരിലെ ബിജെപി സ്ഥാനാർത്ഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്‌മി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിട്ടുവെന്ന് ജയലക്ഷ്‌മി പറഞ്ഞു.

'സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്‌സാപ്പിലും ഇൻസ്റ്റാഗ്രാമിലും സ്‌റ്റോറിയിട്ടതിന്റെ പേരിൽ എന്നെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചു. എനിക്കൊപ്പം പലരും ബിജെപിയിലേയ്ക്ക് വരും'- ജയലക്ഷ്‌മി വ്യക്തമാക്കി.

തന്റെ മകളുടെ വിവാഹ ഫോട്ടോ പങ്കുവച്ചതിനാണ് ജയലക്ഷ്‌മിയെയും കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിച്ചതെന്ന് സുരേഷ് ഗോപി വിമർശിച്ചു. നായനാരും വിഎസുമൊക്കെയുണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരമുണ്ടായിരുന്നു. പക്ഷേ കരുണാകരന്റെ കുടുംബത്തെ അവർ അധിക്ഷേപിച്ചിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയമാണ്. അതിന് പാലക്കാട്ടെ ജനങ്ങൾ തിരിച്ചടി നൽകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.