അങ്കമാലിയുടെ വികസന സ്വപ്നങ്ങൾക്ക് പുത്തനുണർവേകി: റോജി എം. ജോൺ

Monday 23 March 2026 12:54 AM IST

അങ്കമാലി: അങ്കമാലിയുടെ സമസ്തമേഖലകളിലും കഴിഞ്ഞ പത്ത് വർഷംകൊണ്ട് വികസനക്കുതിപ്പുണ്ടാക്കാൻ കഴിഞ്ഞെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം.ജോൺ എം.എൽ.എ. വിവിധ ഫണ്ടുകൾ ഏകോപിപ്പിച്ച് 283.35 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കിയതായി അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഗതാഗതസൗകര്യ വികസനത്തിന് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്നത്. 28 റോഡുകൾ ബി.എം ബി.സി നിലവാരത്തിൽ നിർമ്മിക്കാൻ കഴിഞ്ഞു. ഇതിൽ 25 എണ്ണവും പൂർത്തിയായി. നബാർഡ്, സി.ആർ.ഐ.എഫ്, ജർമ്മൻ ബാങ്ക് ഫണ്ടുകൾ ഇതിനായി സ്വരൂപിച്ചു. പ്രധാന റോഡുകളെല്ലാം വീതികൂട്ടി ഗതാഗതയോഗ്യമാക്കി.

കിഫ്ബി പ്രഖ്യാപിച്ച 16 ബൈപ്പാസുകളിൽ ഒന്നുപോലും യാഥാർത്ഥ്യമാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അങ്കമാലി ബൈപ്പാസ് നാടിന്റെ സ്വപ്നപദ്ധതിയാണെന്നും അടുത്ത യു.ഡി.എഫ് സർക്കാർ ഇത് സാക്ഷാത്കരിക്കുമെന്നും റോജി എം. ജോൺ പറഞ്ഞു. മുൻ എം.എൽ.എമാരായ പി.ജെ. ജോയി, എം.എ. ചന്ദ്രശേഖരൻ, യു.ഡി.എഫ് ചെയർമാൻ ബേബി മുണ്ടാടൻ, കൺവീനർ ടി.എം. വർഗീസ്, ആന്റു മാവേലി, കെ.പി. ബേബി, ജോർജ് സ്റ്റീഫൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.