നമുക്ക് സാധ്യമായതെല്ലാം ചെയ്തു, എന്നാൽ, ഏകമകന്റെ വിയോഗ വാർത്ത അറിഞ്ഞ ആ മാതാപിതാക്കൾ...
കോട്ടയം: പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് രണ്ടാഴ്ചയായി മരണത്തോട് മല്ലിട്ട ആഫീൽ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.പി. കെ ബാലകൃഷ്ണൻ അഫീലിന്റെ മാതാപിതാക്കളായ ജോൺസനെയും ഡാർളിയേയും മുറിയിലേക്ക് വിളിച്ചു.
‘നമുക്ക് സാധ്യമായതെല്ലാം ചെയ്തു. ദൈവം ഒപ്പമില്ലെന്നു തോന്നുന്നു' എന്നായിരുന്നു ഡോക്ടറുടെ വാക്കുകൾ. കുറച്ച് സമയം ദമ്പതികൾ ഒന്നും മിണ്ടിയില്ല ശേഷം മുറിവിട്ട് പോയി. ഇന്നലെ വൈകീട്ടോടെ ഏറെ പ്രതീക്ഷയോടെ വളർത്തിവന്ന അവരുടെ ഏകമകൻ ആവരെ വിട്ടുപോയി.
ജാവലിൻ ത്രോ മത്സര വിഭാഗത്തിലെ വോളന്റിയറും, പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയുമായിരുന്നു ആഫീൽ. ഒക്ടോബർ നാലിനാണ് അപകടമുണ്ടായത്. ഉടൻ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അന്ന് മുതൽ മകൻ തിരിച്ച് വരുന്ന നിമിഷവും കാത്ത് ആശുപത്രിയിൽ പ്രാർഥനയോടെ കഴിയുകയായിരുന്നു ജോൺസണും ഡാർളിയും. ആഫീലിനെ പരിശോധിക്കുന്ന ഡോക്ടർമാരും ചില സമയങ്ങളിൽ അവൻ തിരിച്ച് വരുമെന്ന് തന്നെ പ്രതീക്ഷിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ട് പ്രിയപ്പെട്ടവരെ തനിച്ചാക്കി ആഫീൽ പോയി...