വില്‍ക്കാനും പണയംവയ്ക്കാനും വന്‍ തിരക്ക്; സ്വര്‍ണം തകര്‍ന്നടിഞ്ഞപ്പോള്‍ കോളടിച്ചത് മറ്റൊരു മേഖലയ്ക്ക്

Sunday 22 March 2026 7:52 PM IST

സുരക്ഷിത നിക്ഷേപം എന്നത് മാത്രമല്ല സ്വര്‍ണത്തോട് ആളുകള്‍ക്ക് ഇത്രയും പ്രിയമുണ്ടാകാനുള്ള കാരണം. മലയാളികളെ സംബന്ധിച്ച് ഒരു വൈകാരിക അടുപ്പവുമുണ്ട് മഞ്ഞ ലോഹത്തോട്. വില കൂടിയപ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടാനായിരുന്നു തിരക്ക്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക നേട്ടമാണ് പലരേയും അതിന് പ്രേരിപ്പിച്ചത്. എന്നാല്‍ വില നാള്‍ക്കുനാള്‍ കുറയാന്‍ തുടങ്ങിയതോടെ വില്‍ക്കാനും പണയം വയ്ക്കാനും തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

പശ്ചിമേഷ്യയില്‍ യുദ്ധ സാഹചര്യമുണ്ടായ ആദ്യ ദിനങ്ങളില്‍ സ്വര്‍ണം കുതിച്ചെങ്കിലും പ്രതീക്ഷിച്ചതിലും വേഗം താഴേക്ക് വരികയായിരുന്നു. എണ്ണ വില കൂടാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ എണ്ണക്കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ തുടങ്ങിയതാണ് ഒരു കാരണം. എന്നാല്‍ അത് മാത്രമല്ല സ്വര്‍ണ വില കുറയാന്‍ കാരണം. അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി.

ജനുവരി 29ലെ സ്വര്‍ണവിലയായ 1,31,160 രൂപയാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്ക്. ഇതില്‍ നിന്നും 24,120 രൂപ കുറവിലാണ് നിലവിലെ വില. 18.4 ശതമാനമാണ് ഇതില്‍ നിന്നും വിലയിടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4494 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. കനത്ത ഇടിവ് നേരിട്ട വെള്ളി 68 ഡോളര്‍ എന്ന നിരക്കിലാണ്. 1,07,040 രൂപയാണ് ഇന്നത്തെ പവന്‍ വില.

എന്നാല്‍ സ്വര്‍ണവില ഇടിഞ്ഞതോടെ കോളടിച്ചത് റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കാണ്. വാങ്ങിക്കൂട്ടിയ സ്വര്‍ണം വിറ്റ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കൂടുകയാണ്. നഗരങ്ങളും വന്‍കിട പദ്ധതികളുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും അവിടെ നിന്ന് മാറിയുള്ള ഉപഗ്രഹ മേഖലകളിലും ഭൂമി വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം മുന്‍ മാസത്തെ അപേക്ഷിച്ച് കൂടുതലാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഒരുവേള കുറഞ്ഞ് നിന്ന ഭൂമിവിലയില്‍ ചെറിയതോതിലുള്ള കുതിപ്പിന് സാദ്ധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.