മഞ്ചേശ്വരത്ത് യു.ഡി.എഫിന് എസ്.ഡി.പി.ഐ വെല്ലുവിളി?

Monday 23 March 2026 12:07 AM IST
എസ്.ഡി.പി.ഐ

കാസർകോട്: കേരളത്തിന്റെ വടക്കേ അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്ത് യു.ഡി.എഫിന് കനത്ത വെല്ലുവിളി ഉയർത്താൻ എസ്.ഡി.പി.ഐ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഗ്രാമ പഞ്ചായത്ത് വാർഡുകളിലും തങ്ങളുടെ സ്ഥാനാർത്ഥികളെ തിരഞ്ഞുപിടിച്ചു തോൽപ്പിച്ച മുസ്ലിംലീഗിനോട് പ്രതികാരം ചെയ്യാനാണ് എസ്.ഡി.പി.ഐ ഒരുക്കം.

സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള എസ്.ഡി.പി.ഐ എടുക്കുന്ന തീരുമാനം മണ്ഡലത്തിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങൾ തകിടം മറിക്കും. സംഘടനയുടെ ജില്ലാ പ്രസിഡന്റ് എൻ.യു അബ്ദുൾ സലാമിനെ, മത്സരരംഗത്തിറക്കാനാണ് നീക്കം. തിങ്കളാഴ്ച നോമിനേഷൻ കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

2021ൽ വെറും 745 വോട്ടുകൾക്കാണ് ബി.ജെ.പിയുടെ കെ. സുരേന്ദ്രനെ മുസ്ലിം ലീഗിലെ എ.കെ.എം. അഷ്റഫ് തോൽപ്പിച്ചത്. 2016ലാകട്ടെ ലീഗിലെ പി.ബി. അബ്ദുൽ റസാഖിന്റെ ഭൂരിപക്ഷം വെറും 89 വോട്ട് മാത്രമായിരുന്നു. ഈ ചെറിയ വ്യത്യാസങ്ങൾക്കിടയിലാണ് എസ്.ഡി.പി.ഐ പോരിനിറങ്ങുന്നത്.

ന്യൂനപക്ഷ വോട്ടുകളിലുണ്ടാകുന്ന വിള്ളൽ മണ്ഡലം പിടിച്ചെടുക്കാനുള്ള സുവർണ്ണാവസരമായാണ് ബി.ജെ.പി കാണുന്നത്. അതിർത്തി പ്രദേശങ്ങളിലായി ഏകദേശം 4,600 പുതിയ വോട്ടർമാരെ ബി.ജെ.പി ക്യാമ്പ് ഇത്തവണ ചേർത്തത് കെ. സുരേന്ദ്രന് ആത്മവിശ്വാസം നൽകുന്നു. ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനവും അതിർത്തി പഞ്ചായത്തുകളിലെ ശക്തമായ വേരോട്ടവും ബി.ജെ.പിക്ക് വിജയപ്രതീക്ഷ നൽകുന്നു.

അതേസമയം, നാട്ടുകാരൻ കൂടിയായ കെ.ആർ ജയാനന്ദനെ രംഗത്തിറക്കിയ എൽ.ഡി.എഫ് ഇത്തവണ വലിയ അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ നിർണ്ണായകമായ ക്രൈസ്തവ വോട്ടുകളും ഭാഷാ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗം മുസ്ലിം വോട്ടുകളും തങ്ങൾക്കൊപ്പം നിൽക്കുമെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു. കേരളം നേടിയ വികസനം മഞ്ചേശ്വരത്ത് കൂടുതൽ എത്തണമെന്ന് പറഞ്ഞാണ് എൽ.ഡി.എഫ് വോട്ടുതേടുന്നത്.

മറിയുക പതിനായിരത്തോളം വോട്ടുകൾ

യു.ഡി.എഫിന്റെ പെട്ടിയിൽ വീണിരുന്ന പതിനായിരത്തോളം വോട്ടുകൾ എസ്.ഡി.പി.ഐക്ക് മറിഞ്ഞാൽ മത്സരഫലം തന്നെ മാറിയേക്കാം. മഞ്ചേശ്വരം പഞ്ചായത്തിൽ 3500, വോർക്കാടിയിൽ 4000, കുമ്പളയിൽ 2500 എന്നിങ്ങനെ എസ്.ഡി.പി.ഐക്ക് കേഡർ വോട്ടുകളുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച ഈ വോട്ടുകൾ ഇത്തവണ ഭിന്നിക്കപ്പെടുന്നത് മുസ്ലിം ലീഗ് സ്ഥാനാർത്ഥി എ.കെ.എം. അഷ്റഫിന് ഭീഷണിയാകും. എസ്.ഡി.പി.ഐയുടെ അപ്രതീക്ഷിത നീക്കം യു.ഡി.എഫിന്റെ ഉറക്കം കെടുത്തുന്നുണ്ട്.