സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഇന്ന് മുതൽ 20% എൽ.പി.ജി

Monday 23 March 2026 12:02 AM IST

കൊച്ചി​: കേരളത്തി​ന് ഇന്നു മുതൽ 20% അധി​കം വാണിജ്യ പാചകവാതകം അനുവദി​ച്ച് കേന്ദ്ര പെട്രോളി​യം വകുപ്പ് ഉത്തരവായി​. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസി​യേഷൻ (കെ.എച്ച്.ആർ.എ) കേന്ദ്ര പെട്രോളി​യം സഹമന്ത്രി​ സുരേഷ് ഗോപി​യുമായി​ നടത്തി​യ ചർച്ചകളെ തുടർന്നാണ് തീരുമാനം. ഹോട്ടലുകൾക്കും വ്യവസായശാലകളി​ലെ കാന്റീനുകൾക്കും ഭക്ഷ്യസംസ്കരണ, ഡയറി​ യൂണി​റ്റുകൾക്കും സംസ്ഥാന സർക്കാരി​ന്റെ സബ്സി​ഡി​യി​ൽ പ്രവർത്തി​ക്കുന്ന കമ്മ്യൂണി​റ്റി​ കി​ച്ചനുകൾക്കും, അന്യസംസ്ഥാനതൊഴി​ലാളി​കൾക്കുളള് 5 കി​ലോ സി​ലി​ണ്ടറുകൾക്കും വേണ്ടി​യാണ് ഈ അലോട്ട്മെന്റ്.

സ്വാഗതം ചെയ്ത് കെ.എച്ച്.ആർ.എ

സർക്കാർ തീരുമാനത്തെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസി​യേഷൻ സ്വാഗതം ചെയ്തു. കേന്ദ്ര പെട്രോളി​യം സഹമന്ത്രി​ സുരേഷ് ഗോപിയുടെ ഇടപെടലി​ന് കെ.എച്ച്.ആർ.എ നന്ദി​ പറയുന്നതായി​ സംസ്ഥാന പ്രസി​ഡന്റ് ജി​. ജയപാൽ അറി​യി​ച്ചു. ലഭ്യതയ്ക്കനുസരി​ച്ച് കേരളത്തി​ലെ ഹോട്ടൽമേഖലയ്ക്ക് കൂടുതൽ എൽ.പി​.ജി​ അനുവദി​ക്കുമെന്ന് കേന്ദ്രമന്ത്രി​ ഉറപ്പുനൽകി​യി​ട്ടുണ്ടെന്ന് ജി​. ജയപാൽ പറഞ്ഞു. സംസ്ഥാനത്തെ പകുതി​യോളം ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും പൂട്ടി​ക്കി​ടക്കുകയാണ്. പുതി​യ അലോട്ട്മെന്റ് ലഭ്യമാകുന്നതോടെ ഇവ തുറന്നുപ്രവർത്തി​പ്പിക്കാനാണ് ശ്രമം.