സ്വർണാഭരണ വിപണി വീണ്ടും ആവേശത്തിലേക്ക്

Monday 23 March 2026 12:12 AM IST

വിലയിടിഞ്ഞതോടെ വിൽപ്പന കുതിക്കുന്നു

കൊച്ചി: കഴിഞ്ഞ വാരം സ്വർണ വിലയിലുണ്ടായ കനത്ത ഇടിവ് സംസ്ഥാനത്തെ സ്വർണാഭരണ വിപണിക്ക് ആവേശം പകരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം മുറുകിയതും അമേരിക്കയിൽ പലിശ കുറയില്ലെന്ന സൂചനയുമാണ് സ്വർണ വില തകർത്തത്. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വാരം സ്വർണ വില ഔൺസിന് 12 ശതമാനം ഇടിഞ്ഞ് 4,490 ഡോളറിലെത്തി. വെള്ളിയാഴ്ച വില മൂന്ന് ശതമാനം ഇടിഞ്ഞു. 43 വർഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിവാര വിലത്തകർച്ചയാണ് കഴിഞ്ഞ ആഴ്ചയുണ്ടായത്.

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ആക്രമണം തുടങ്ങിയതിന് ശേഷം എല്ലാ വാരങ്ങളിലും തുടർച്ചയായി സ്വർണം തിരിച്ചടി നേരിട്ടു. യുദ്ധത്തിന്റെ ആശങ്കയിലുണ്ടായ വിലത്തകർച്ച വിപുലമായ അവസരമാണ് നിക്ഷേപകർക്ക് ഒരുക്കുന്നതെന്ന് ജുവലറി ഉടമകൾ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ജുവലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറിയെന്നും അവർ കൂട്ടിച്ചേർത്തു.

വിലയിടിവിന് പിന്നിൽ

1. പശ്ചിമേഷ്യയിൽ യുദ്ധം മുറുകിയതോടെ ആഗോള നിക്ഷേപകർ സ്വർണം വിറ്റഴിച്ച് പണം ക്രൂഡോയിൽ, ഡോളർ, യു.എസ് ബോണ്ടുകൾ എന്നിവയിലേക്ക് മാറ്റുന്നു

2. ക്രൂഡോയിൽ വിലയിലെ കുതിപ്പ് നാണയപ്പെരുപ്പം കൂട്ടുന്നതിനാൽ അമേരിക്കയിൽ പലിശ നിരക്ക് ഉടനെ കുറയില്ലെന്ന ഫെഡറൽ റിസർവ് ചെയർമാന്റെ പ്രഖ്യാപനം

3. ഇന്ധന അനിശ്ചിതത്വവും കറന്റ് അക്കൗണ്ട് കമ്മിയും മറികടക്കാൻ വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണം വിറ്റഴിച്ച് വിദേശ നാണയ ശേഖരത്തിൽ ഡോളർ ചേർക്കുന്നു

4. യുദ്ധം നീളുന്നതിനാൽ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകൾ വായ്പകളുടെ പലിശ കുറയ്ക്കുമെന്ന ആശങ്കയിൽ സ്വർണത്തിന് പ്രിയം കുറയുന്നു

വില ഇനിയും കുറഞ്ഞേക്കാം

യുദ്ധ തീവ്രത കൂടുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണ വിലയിൽ സമ്മർദ്ദം നേരിട്ടേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര വില ഔൺസിന് 4,000 ഡോളർ വരെ താഴുമെന്നാണ് പ്രവചനം. ഇതോടെ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് എത്തിയേക്കും.

മാർച്ചിൽ പവൻ വിലയിലുണ്ടായ ഇടിവ്

19,880 രൂപ

വിലയിടിവ് താത്‌കാലികമാണെന്ന സൂചനകൾ ശക്തമാണ്. ഇപ്പോഴത്തേത് താത്കാലിക തിരുത്തലാണ്. ട്രെൻഡ് റിവേഴ്‌സലല്ല

അഡ്വ. എസ് അബ്ദുൽ നാസർ

ജനറൽ സെക്രട്ടറി

കെ.ജി.എസ്.എം.എ